Kerala

ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഭക്തർക്ക് കൊവിഡ് ബാധയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാവും പ്രവേശനം അനുവദിക്കുക. വെർച്വൽ ക്യൂ സമ്പ്രദായത്തിലൂടെ ഭക്തർക്ക് പ്രവേശനം നൽകാനാണ് തീരുമാനം. ഈ മാസം 28ന് ചേരുന്ന ഉന്നതതലയോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. പൊലീസും ആരോഗ്യവകുപ്പും ചേർന്നാണ് നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾക്ക് തീരുമാനം എടുക്കുന്നത്.

അതേസമയം, മണ്ഡലകാലത്തോട് അനുബന്ധിച്ച് സന്നിധാനത്ത് ജോലിക്കെത്തുന്ന ഉദ്യോഗസ്ഥർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർക്കും താമസ സൗകര്യം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

എഡിജിപി ഡോ. ഷെയ്ക് ദർവേശ് സാഹിബിനെയാണ് ശബരിമലയിലെ ചീഫ് പൊലീസ് കോ- ഓർഡിനേറ്ററായി നിയോഗിച്ചിട്ടുള്ളത്. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് സന്നിധാനത്തും ദക്ഷിണമേഖലാ ഐ.ജി ഹർഷിത അട്ടല്ലൂരി പമ്പയിലും ജോയിന്റ് പൊലീസ് കോ- ഓർഡിനേറ്റർമാരായി പ്രവർത്തിക്കും. ഡിഐജിമാരായ പി. പ്രകാശ്, സഞ്ജയ്കുമാർ ഗുരുദിൻ എന്നിവരും ശബരിമലയിലെ നിയന്ത്രണങ്ങളുടെ ചുമതലയ്ക്കായി ഉണ്ടാവും.