Kerala

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രാഥമിക അന്വേഷണം

തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക അന്വേഷണം. ബാങ്കില്‍ ഉദ്യോഗസ്ഥരെത്തി അന്വേഷണം ആരംഭിച്ചു. രേഖകള്‍ ഹാജരാക്കാനാണ് ബാങ്കിന് ഇ ഡി നിര്‍ദേശം നല്‍കിയത്. നിരവധി ബിനാമി അക്കൗണ്ടുകള്‍ പ്രതികള്‍ക്കുണ്ടായിരുന്നു. പ്രതികളുടെ ബിനാമി ഇടപാടുകളിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. പ്രതികളുടെ വീടുകളില്‍ നിന്ന് കണ്ടെത്തിയ വായ്പാ രേഖകളില്‍ ഏറെയും ബിനാമികളുടെതാണ്. വിശദമായ അന്വേഷണം ബിനാമി ഇടപാടിലുണ്ടാകും. ആഭ്യന്തര സോഫ്റ്റ് വെയറിലെ ക്രമക്കേടുകളും പരിശോധിക്കും. അതേസമയം വിരമിച്ച ഉദ്യോഗസ്ഥരുടെ യൂസര്‍ ഐഡിയും തട്ടിപ്പിനായി ഉപയോഗിച്ചെന്നും റിപ്പോര്‍ട്ട്. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നിക്ഷേപം നടത്തിയതിലും അന്വേഷണം നടത്തും. തേക്കടി റിസോര്‍ട്ടിലെ മുഴുവന്‍ നിക്ഷേപകരുടെയും വിവരം ശേഖരിക്കും.

കഴിഞ്ഞ ദിവസം കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വ്യാജ വായ്പാ രേഖകള്‍ സൂക്ഷിച്ചിരുന്നത് പ്രത്യേക ലോക്കറിലെന്ന വിവരം പുറത്തുവന്നിരുന്നു. ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ലോക്കര്‍ കണ്ടെത്തിയത്. കേസിലെ പ്രതികള്‍ക്ക് വിവിധ ബാങ്കുകളിലായി ഏഴിലേറെ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് വിവരം. ഇതിന്റെ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചു വരികയാണ്. കേസിലെ പ്രതികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണ സംഘം പരിശോധന നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

2014- 20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ എത്തിപ്പോള്‍ പണം ലഭ്യമാകാതെ വരികയും ഇതേതുടര്‍ന്ന് പരിശോധന നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്. കേസിലെ പ്രധാന പ്രതികള്‍ മുന്‍ മാനേജര്‍ ബിജു കരീം,സെക്രട്ടറി സുനില്‍ കുമാര്‍, ചീഫ് അക്കൗണ്ടന്റ് ജില്‍സ്, കമ്മീഷന്‍ ഏജന്റ് ബിജോ എന്നിവരാണ്.

സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്. സംഭവത്തിന്റെ വീഴ്ച മറയ്ക്കാന്‍ പാര്‍ട്ടി കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിരുന്നു. സാമ്പത്തിക തിരിമറി നടത്തിയ നാല് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ജില്ലാ കമ്മറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, കെ.ആര്‍ വിജയ എന്നിവരെ ഏരിയ കമ്മറ്റിയിലേക്ക് തരം താഴ്ത്തുകയും ചെയ്തു. മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ ചന്ദ്രനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതാണ് മറ്റൊരു നടപടി.