ആരോഗ്യവകുപ്പ് തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ തയ്യാറാകുന്നില്ല, ഒന്നാം പ്രതിയായ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും പിതാവ് ഷരീഫ് പറഞ്ഞു
മഞ്ചേരിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി കുട്ടികളുടെ കുടുംബം. ആരോഗ്യവകുപ്പ് തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ തയ്യാറാകുന്നില്ല, ഒന്നാം പ്രതിയായ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും പിതാവ് ഷരീഫ് പറഞ്ഞു.
”ഈ രണ്ട് കുട്ട്യേളിം ഓല് കൊന്ന്, ഈ മന്ത്രി ഈ കൊലയാളികള്‍ക്ക് കൂട്ടുനിന്നു. ഇന്‍ക്ക് ഇവലെ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ അന്വേഷണത്തില് ഒരു പ്രതീക്ഷയും ഇല്ല. ഞാന്‍ ഡിസ്ച്ചാര്‍ജ് ആകാത്തോണ്ട് ഇവടെ നിക്കാണ്. ഡിസ്ച്ചാര്‍ജ് ആയാല്‍ അന്ന് തന്നെ ഞാന്‍ കലക്ട്രേറ്റില്‍ പോയിട്ട് ഈ കുട്ട്യേള ഉടുപ്പ് ഇണ്ട്, കെടക്ക ഇണ്ട്, ടര്‍ക്കി ഇണ്ട് ഇതൊക്കെ ഞാന് കലക്ടര്‍ക്ക് കൊണ്ടുകൊടുക്കും. ഈ കൊലയാളികള് തിന്നട്ടെ ഇതൊക്കെ. കലക്ടര്‍ വീതിച്ച് കൊടുക്കട്ടെ മന്ത്രിക്ക്, സൂപ്രണ്ടിന്, ഡോക്ടര്‍മാര്‍ക്ക് ഒക്കെ കലക്ടര്‍ കൊടുക്കട്ടെ. ഓര്ക്കൊക്കെ ഈ ഗതി വരണം, അപ്പളേ ഓല് അനുഭവിക്കൊള്ളൂ. ഈ മന്ത്രി പ്രസവിച്ചിട്ടിണ്ടെങ്കില്‍ മന്ത്രിക്ക് ഇതിന്‍റെ വേദനയറിയും. ഇല്ലെങ്കില്‍ മന്ത്രി മന്ത്രിന്‍റെ മക്കളോട് ചോയ്ക്കട്ടെ”- കുട്ടികളുടെ പിതാവ് ഷരീഫ് കണ്ണീരോടെ പറഞ്ഞു.
അതേസമയം സംഭവത്തില്‍ വീഴ്ചയുണ്ടായില്ലെന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിൻസിപ്പലിന്‍റെ റിപ്പോർട്ട്. കുടുംബം ആവശ്യപ്പെട്ടത് കൊണ്ടാണ് കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് റെഫർ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ചികിത്സ നിഷേധിച്ചതിൽ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി വിലയിരുത്തിയാണ് ജില്ലാകളക്ടർ നോട്ടീസ് നൽകിയത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചിട്ടില്ലെന്നും, ഗർഭിണിയെ ശനിയാഴ്ച പുലർച്ചെ അഞ്ചിന് അഡ്മിറ്റ് ചെയ്ത് ചികിത്സ നൽകിയെന്നുമാണ് മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പാള്‍ ആരോഗ്യവകുപ്പിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
എല്ലാ നടപടിക്രമങ്ങളും പാലിച്ചിരുന്നെന്നും യുവതിയുടെയും ഗർഭസ്ഥ ശിശുക്കളുടെയും ആരോഗ്യനില തൃപ്തികമായിരുന്നെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. കോവിഡ് ആശുപത്രിയായതിനാൽ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു, എന്നാൽ യുവതിയുടെ ബൈസ്റ്റാൻഡർ ആവശ്യപ്പെട്ടത് പ്രകാരമാണ് കോട്ടപ്പറമ്പ് പ്രസവാശുപത്രിയിലേക്ക് റെഫർ ചെയ്തതെന്നും, മെഡിക്കൽ കോളേജിന് വീഴ്ചയുണ്ടായില്ലെന്നും പ്രിൻസിപ്പലുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്നാൽ ചികിത്സ വൈകിയതിനെ തുടർന്ന് ഇരട്ടകുട്ടികള്‍ മരിച്ച സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിന്‍റെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപമുണ്ടായെന്ന് വിലയിരുത്തിയാണ് ജില്ലാകലക്ടര്‍ ആശുപത്രി സൂപ്രണ്ടിനും, പ്രിന്‍സിപ്പലിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
ചികിത്സ നിഷേധിച്ചതോടൊപ്പം മറ്റു ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുമ്പോഴുള്ള നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു. ഇന്ന് വൈകുന്നേരത്തോടെ രേഖാമൂലമുള്ള മറുപടിയില്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ മഞ്ചേരി മെഡിക്കൽ കോളേജിലെ വകുപ്പ് മേധാവികളുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ജില്ലാകളക്ടർ കാരണം ബോധിപ്പിക്കാൻ നോട്ടീസ് നൽകിയത്.