മലപ്പുറം : പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടതുസര്‍ക്കാര്‍ പരാജയമാണെന്ന വിമര്‍ശനമുന്നയിച്ച് മുസ്ലീം ലീഗിന്റെ ആഭിമുഖ്യത്തില്‍ യു.ഡി.എഫ് മലപ്പുറം കളക്ട്രേറ്റിന് മുന്പില് രാപ്പകല്‍ സമരം നടത്തിയിരുന്നു. എന്നാല്‍ ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ പരസ്യമായി തള്ളിക്കളഞ്ഞ് പാര്‍ട്ടിയെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ് മുസ്ലിം ലീഗ് ദേശീയ ട്രഷററും, രാജ്യസഭ എം.പിയുമായ പി.വി.അബ്ദുള്‍ വഹാബ്. കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങില്‍ സംബന്ധിച്ചാണ് അബ്ദുള്‍ വഹാബ് സര്‍ക്കാര്‍ സഹായങ്ങളെ പുകഴ്ത്തി സംസാരിച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട് പി.വി അന്‍വര്‍ എം.എല്‍.എയുടെയും മന്ത്രി കെ.ടി ജലീലിന്റെയും പ്രവര്‍ത്തനവും സര്‍ക്കാരിന്റെ ഇടപെടലും പ്രശംസനീയമാണെന്നും ലീഗ് എം.പി വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം രാപ്പകല്‍ സമരത്തില്‍ കനത്ത ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ലീഗ് നേതാക്കള്‍ പ്രയോഗിച്ചിരുന്നത്. ദുരന്തത്തില്‍ ദുരന്തമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ നിന്നും സര്‍ക്കാര്‍ പാഠംപഠിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി എം.പി തുറന്നടിച്ചിരുന്നു. ലീഗ് എം.പിമാരും മറ്റ് മുതിര്‍ന്ന നേതാക്കളും രാപ്പകല്‍ സമരത്തിനെത്തിയെങ്കിലും അബ്ദുള്‍ വഹാബ് പ്രതിഷേധ സമരത്തിന് എത്തിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഏറെ നാളായി ലീഗ് നേതാക്കളുടെ കണ്ണിലെ കരടായി മാറുകയാണ് അബ്ദുള്‍ വഹാബ്. ലീഗ് യോഗങ്ങളില്‍ ഇദ്ദേഹത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ ലീഗ് യുവ നേതാക്കളടക്കം മടികാണിക്കുന്നില്ല. വ്യവസായ പ്രമുഖനായ അബ്ദുള്‍ വഹാബിനെ രണ്ടാമതും രാജ്യസഭയില്‍ എം.പിയാക്കുന്നതിനോട് ലീഗിലെ നിരവധി നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചിരുന്നതാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ലഭിക്കേണ്ട പദവികള്‍ മുതലാളിമാര്‍ക്ക് നല്‍കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് യുവ നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒടുവില്‍ രണ്ടാം വട്ടവും രാജ്യസഭാ സീറ്റ് വഹാബിന് നല്കാന് ലീഗ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.