കേരളത്തിന്റെ പ്രകൃതി സമ്ബത്ത് ശരിയായി വിനിയോഗിച്ചാല്‍ സാമ്ബത്തിക വികസനത്തില്‍ കേരളത്തിന് വലിയ കുതിച്ചു ചാട്ടം നടത്താനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നാലാഞ്ചിറ ഗിരിദീപം കണ്വെന്ഷന് സെന്ററില്‍ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനതല ദുരന്ത നിവാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക, വ്യാവസായിക വികസനമാണ് ഒരു നാടിന്റെ വികസനത്തില്‍ പ്രധാന ഘടകങ്ങള്‍. കേരളത്തിലെ കാലാവസ്ഥയും മണ്ണും ഏത് കൃഷിക്കും അനുയോജ്യമാണ്. നമുക്ക് ആവശ്യമായ പച്ചക്കറിയും ധാന്യങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനാവണം. തദ്ദേശസ്ഥാപനങ്ങള്‍ ശരിയായ ആസൂത്രണം നടത്തിയാല്‍ കാര്‍ഷിക മേഖലയില്‍ സംസ്ഥാനത്ത് 1,18, 000 കോടി രൂപയുടെ വരുമാനം സൃഷ്ടിക്കാം. തദ്ദേശസ്ഥാപന അതിര്‍ത്തിയില്‍ 1.48 കോടി രൂപയുടെ അധിക വരുമാനവുമുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷി, തദ്ദേശസ്വയംഭരണം, സഹകരണം, വ്യവസായം, ക്ഷീരം തുടങ്ങി വിവിധ വകുപ്പുകള്‍ സഹകരിച്ചു പ്രവര്‍ത്തിച്ചാല്‍ ഇത് യാഥാര്‍ത്ഥ്യമാവും. ഇതിനാവശ്യമായ ഒരു സബ്സിഡി സര്‍ക്കാര്‍ നിശ്ചയിച്ചു നല്‍കും.
വിവിധയിനം തൈകള്‍ തദ്ദേശസ്ഥാപനതലത്തില്‍ വിതരണം ചെയ്യാവുന്നതാണ്. ഒരു വര്‍ഷം കൊണ്ട് ഒരു കോടി തൈകള്‍ വിതരണം ചെയ്താല്‍ പത്തു വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ വരുമാനം ഉണ്ടാവും. ഒരു തദ്ദേശസ്ഥാപന പരിധിയില്‍ അഞ്ച് കോടി രൂപയുടെ അധിക വരുമാനവുമുണ്ടാവും.
പച്ചക്കറി ഉത്പാദനത്തിന് തദ്ദേശസ്ഥാപനങ്ങള്‍ മഴ ഷെല്‍ട്ടറുകള്‍ പ്രോത്സാഹിപ്പിക്കണം. പത്തു വര്‍ഷം കൊണ്ട് ഒരു പഞ്ചായത്തില്‍ നൂറ് ഷെല്‍ട്ടര്‍ സ്ഥാപിക്കാനാവണം. ഇത്തരത്തില്‍ പച്ചക്കറി കൃഷി നടത്തിയാല്‍ 31,000 കോടി രൂപ അധിക വരുമാനം ലഭിക്കും. ഓരോ തദ്ദേശസ്ഥാപന അതിര്‍ത്തിയിലും 100 പശുക്കളെങ്കിലും ഉണ്ടാവണമെന്ന് നിശ്ചയിക്കണം. പാലിനൊപ്പം മൂല്യവര്‍ധിത ഉത്പന്നങ്ങളും ലഭിക്കും. പത്തു വര്‍ഷം കൊണ്ട് ഇത് ആയിരം പശുക്കളായാല്‍ 70000 കോടി രൂപയുടെ അധിക വരുമാനം സാധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പശുവിനെപ്പോലെ തന്നെ ആടു വളര്‍ത്തലും നടത്താം. ഒരു തദ്ദേശസ്ഥാപന പരിധിയില്‍ 10 വര്‍ഷം കൊണ്ട് രണ്ടായിരം ആടുകളുണ്ടെങ്കില്‍ 13,000 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാവും. തദ്ദേശസ്ഥാപന പരിധിയില്‍ 1.30 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കാം. 200 കോഴികളുള്ള 30 യൂണിറ്റുകള്‍ ഒരു തദ്ദേശസ്ഥാപന പരിധിയില്‍ സ്ഥാപിക്കാം. പത്തു വര്‍ഷം കൊണ്ട് 35,000 കോടി രൂപ വരുമാനം പ്രതീക്ഷിക്കാം. 3.40 ലക്ഷം രൂപ തദ്ദേശസ്ഥാപന പരിധിയില്‍ അധികമായി ലഭിക്കും. മത്സ്യക്കൃഷിയും പുഷ്പകൃഷിയും ഇത്തരത്തില്‍ പ്രോത്സാഹിപ്പിക്കാനാവും.
വ്യാവസായിക മേഖലയില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് കൊച്ചിയില്‍ നടന്ന അസെന്‍ഡ് 2020ല്‍ പ്രഖ്യാപിച്ചിരുന്നു. നിക്ഷേപസൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇപ്പോള്‍ 21ാം സ്ഥാനത്താണ്. അടുത്ത അഞ്ച് വര്‍ഷത്തില്‍ ആദ്യ അഞ്ച് സംസ്ഥാനങ്ങളിലൊന്നായി കേരളം മാറണം. ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശരിയായ ഇടപെടല്‍ ഉണ്ടാവണം. നോക്കുകൂലി എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ സംവിധാനം ശക്തമായി ഇടപെടും. നിലവില്‍ സ്ത്രീകള്‍ക്ക് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ട്. എന്നാല്‍ ആ നിലപാട് ശരിയല്ല. അങ്ങനെ ഒരു കൂട്ടര്‍ക്ക് മാത്രം നിരോധനം ഏര്‍പ്പെടുത്തേണ്ടതില്ല. പക്ഷേ, രാത്രിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ സുരക്ഷ സ്ഥാപന ഉടമ ഒരുക്കണം. പുതിയ സംരംഭകര്‍ക്ക് തൊഴില്‍ സബ്സിഡി ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണ്. പുതിയ പദ്ധതി തുടങ്ങി അഞ്ച് വര്‍ഷം കഴിയുമ്ബോഴാണ് അത് നല്‍കുക. പക്ഷേ, അത്തരം സംരംഭങ്ങളില്‍ പുരുഷ തൊഴിലാളിയേക്കാള്‍ രണ്ടായിരം രൂപ കൂടുതല്‍ ശമ്ബളം സ്ത്രീ തൊഴിലാളിക്ക് ഉണ്ടായിരിക്കണം. പത്തു വര്‍ഷം കൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിന് നാട്ടിലെ ജനങ്ങളെ സന്നദ്ധമാക്കുക പ്രധാനമാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കഴിഞ്ഞ രണ്ടു പ്രളയത്തില്‍ മനസിലായതാണ്. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രധാന പങ്ക് വഹിക്കണം. ബോധവത്ക്കരണവും പ്രാദേശിക രീതിയിലുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും തദ്ദേശസ്ഥാപനങ്ങള്‍ നിര്‍വഹിക്കണം. ജനങ്ങളെ പ്രകൃതി സംരക്ഷകരായി കണ്ടുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. നിലവിലെ നിയമങ്ങളിലും വികസന ശീലങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് ഗ്രാമസഭകളിലും വാര്‍ഡ് സഭകളിലും ചര്‍ച്ചകള്‍ നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബ്ളോക്ക് പഞ്ചായത്തുകളുടെ സമ്ബൂര്‍ണ ഐ. എസ്. ഒ പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീന് അധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി ഇ. പി. ജയരാജന്, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, വനം മന്ത്രി കെ. രാജു, ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി, കൃഷി മന്ത്രി വി. എസ്. സുനില്‍കുമാര്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് ഡോ. വി. കെ. രാമചന്ദ്രന്, തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍, നവകേരളം കര്‍മപദ്ധതി കോഓര്‍ഡിനേറ്റര്‍ ചെറിയാന് ഫിലിപ്പ്, ഹരിതകേരളം മിഷന് എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി. എന്‍. സീമ, തദ്ദേശസ്വയംഭരണ സ്ഥാപന സംഘടന പ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.