Kerala

രാജ്യം ചരിത്രം സൃഷ്‌ടിച്ചപ്പോൾ അവന്‍ അമ്മത്തൊട്ടിലില്‍; ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന് പേര് ‘പ്രഗ്യാൻ ചന്ദ്ര’

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ ഹൈടെക് അമ്മത്തൊട്ടിലിൽ പൊക്കിൾക്കൊടി വേർപിരിയാത്ത നാലു ദിവസം മാത്രം പ്രായം തോന്നിക്കുന്ന ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ ലഭിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചരിത്രനേട്ടത്തോടെ ആദ്യമായി തൊട്ട് ഇന്ത്യ, ലോകകപ്പ് ചെസിൽ ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയ്ക്ക് സ്വർണ തിളക്കമുള്ള വെള്ളി. ഈ രണ്ട് ചരിത്രനിമിഷങ്ങള്‍ക്കിടയില്‍ അമ്മത്തൊട്ടിലില്‍ നിന്നും ലഭിച്ച കുഞ്ഞിന് അധികൃതര്‍ പേരിട്ടു. ‘പ്രഗ്യാൻ ചന്ദ്ര’.ചരിത്രനിമിഷങ്ങള്‍ക്ക് ഇടയില്‍ ലഭിച്ച കുഞ്ഞിന് അധികൃതരാണ് ഈ പേര് സമ്മാനിച്ചത്.(‘Pragyan Chandra’ four days old baby found abandoned in Ammathottil)

വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് അമ്മത്തൊട്ടിലിൽ ലഭിച്ച വിശിഷ്ടാതിഥിക്ക് ‘പ്രഗ്യാൻ ചന്ദ്ര’ എന്നു പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി പത്രക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ഇസ്രോ വികസിപ്പിച്ച് രാജ്യം അഭിമാനം കൊണ്ട ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3-ൻറെ ഭാഗമായ റോവറിൻറെ ഓർമ്മയ്ക്കായും ചെസ് താരം പ്രഗ്നാനന്ദയോടുള്ള ആദരവിന്റെ സൂചനയായുമാണ് കുഞ്ഞിന് ഈ പേര് നല്‍കിയത്.