അധിക ചെലവെന്ന ആക്ഷേപങ്ങള്‍ക്കിടയിലും സോഷ്യല്‍ മീഡിയ പ്രചരണത്തിന് ദേശീയ തലത്തിലുള്ള പി ആര്‍ ഏജന്‍സിയെ നിയമിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്. ഏജന്‍സിയെ തിരഞ്ഞെടുക്കാനായി ഇവാലുവേഷന്‍ കമ്മറ്റിയെ ചുമതലപ്പെടുത്തിയുള്ള ഉത്തരവ് ഇറങ്ങി. ഏജന്‍സിയെ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കി.
സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള പിആര്‍ ഏജന്‍സിയെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അധിക ബാധ്യത വരുത്തുമെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. എന്നാല്‍ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍. ഏജന്‍സിയെ നിശ്ചയിക്കാനുള്ള മാനദണ്ഡം തയ്യാറാക്കാനായി ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പടുത്തിയിരുന്നു. കഴിഞ്ഞ മാസം 11 നും 25 നും സമിതി യോഗം ചേര്‍ന്നു. ഇവര്‍ തയ്യാറാക്കിയ റിക്വസ്റ്റ് ഫോര്‍ പ്രപ്പോസല്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ അംഗീകരിച്ചു. ഇവാലുവേഷന്‍ കമ്മറ്റിയെ തന്നെ ഏജന്‍സിയെ കണ്ടെത്താന്‍ ചുമതലപ്പെടുത്തി കൊണ്ട് ഒക്ടോബര്‍ ഒന്നിന് ഉത്തരവും ഇറങ്ങി. അതായത് പിആര്‍ ഏജന്‍സിയെ നിശ്ചയിക്കുന്നത് ഉടന്‍ നടക്കും.
പി.ആര്‍. ഡിയും സിഡിറ്റും മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ സംഘവുമുള്ളപ്പോള്‍ പിആര്‍ ഏജന്‍സിയെ നിശ്ചയിക്കുന്നത് ധൂര്‍ത്താണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം. കോടികള്‍ മുടക്കി ഏജന്‍സിയെ നിയമിക്കുന്നത് അഴിമതികളില്‍ നിന്ന് മുഖം മിനുക്കാന്‍ ക്യാപ്സൂളുകള്‍ക്ക് ഉണ്ടാക്കാനാണെന്ന പരിഹാസ്യവുമായി വി. ഡി സതീശന്‍ എംഎല്‍എ രംഗത്ത് വന്നു.