India Kerala

മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് കെ.എസ്.ഇ.ബി

വരും ദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് കെ.എസ്.ഇ.ബി. നിലവിലെ സാഹചര്യത്തില്‍ ലോഡ്ഷെഡ്ഡിങ് ആവശ്യമാണെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നത തലയോഗം നാളെ ചേരും.

അടുത്ത പത്തു ദിവസത്തിനകം സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട അവസ്ഥായാണുള്ളത്. നിലവില്‍ ഡാമുകളില്‍ പത്തു മതുല്‍ പന്ത്രണ്ട് ശതമാനം മാത്രമാണ് വെള്ളമുള്ളത്. ഇതിനു പുറമെ ചൂട് കുടുന്നതിനാല്‍ ഓരോ ദിവസവും വൈദ്യുതി ഉപഭോഗം കൂടി വരുന്ന അവസ്ഥയാണ്. ഈ സാഹചര്യം തുടര്‍ന്നാല്‍ പത്തു ദിവസം മാത്രമെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം എത്തിക്കുന്ന വൈദ്യുതി നിയന്ത്രണമില്ലാതെ നല്‍കാന്‍ സാധിക്കൂ.

വരും ദിവസങ്ങളിലെ വൈദ്യുതി വിതരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ വൈദ്യുതി ബോര്‍ഡ് നാളെ യോഗം ചേരും. അണക്കെട്ടുകളുടെ നിലവിലെ സ്ഥിതി , ഓരോ ദിവസവും ശരാശരി ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ്, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്രയളവില്‍ വൈദ്യുതി കൊണ്ടു വരേണ്ടി വരും തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇതിനു പറുമെ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. രാത്രി സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയ്യാറാകണമെന്ന് ജനങ്ങളോട് ആവശ്യപ്പെടും. വലിയ തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന വന്‍കിട ഉപഭോക്താക്കളെയും നിലവിലെ സാഹചര്യം ധരിപ്പിക്കും.