പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈകോടതിയില്‍ സമര്‍പിച്ചു. പൊലീസുകാരനായ വൈശാഖ് പത്മനാഭ എന്ന വാട്‌സ്ആപ് ഗ്രൂപ്പിലേക്കാണ് സന്ദേശമയച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വൈകുന്നതില്‍ ഹൈകോടതി അതൃപ്തി പ്രകടിപ്പിച്ചു.
ബാലറ്റ് കൈമാറാനാവശ്യപ്പെട്ട് സന്ദേശമയച്ചത് പത്മനാഭ സ്വാമി ക്ഷേത്ര സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഒഫീഷ്യല്‍ ഗ്രൂപ്പിലേക്കാണെന്നാണ് ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ചീഫ് ഇലക്ഷന്‍ കമ്മീഷനില്‍ നിന്ന് ഇനിയും വിശദാംശങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്നും അതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം വേണമെന്നും ക്രൈംബ്രാഞ്ച് ഐ.ജി കോടതിയില്‍ ആവശ്യപ്പെട്ടു. സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജിയിലാണ് വിശദീകരണം നല്‍കിയത്.
സര്‍ക്കാര്‍ അനുകൂല പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യാപകമായി പോസ്റ്റല്‍ ബാലറ്റുകള്‍ കൈക്കലാക്കി ഭരണകക്ഷിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ക്രമക്കേട് കാട്ടിയെന്നാരോപിച്ചാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. ഹരജി നേരത്തെ പരിഗണിച്ചപ്പോള്‍ ഫലപ്രഖ്യാപനം കഴിഞ്ഞ് 15 ദിവസത്തിനകം അന്വേഷണവും പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
എന്നാല്‍, ഇന്ന് ഹരജി പരിഗണനയ്‌ക്കെത്തിയപ്പോള്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പല ജില്ലാ ഇലക്ടറല്‍ ഓഫീസര്‍മാരും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുകയാണെന്നും സ്‌റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് അന്വോഷം വൈകുന്നതില്‍ കോടതി അതൃപ്തി രേഖപെടുത്തിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് കേസ് ഈ മാസം 18ന് പരിഗണിക്കാന്‍ മാറ്റി.