ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം കെ സി ലിതാരയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടക്കാന്‍ സാധ്യതയേറുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ അട്ടിമറി നടന്നെന്നാണ് ലിതാരയുടെ കുടുംബത്തിന്റെ ആരോപണം. ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ കോച്ച് രവി സിംഗ് അവിടെയുണ്ടായിരുന്നെന്ന് വിവരം ലിതാരയെ അറിയുന്നവര്‍ വെളിപ്പെടുത്തിയിരുന്നു.
ഏപ്രില്‍ 26നാണ് കെ സി ലിതാരയെ പട്‌നയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഏപ്രില്‍ 27നാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. മരണം നടന്ന ദിവസം ഉച്ചയ്ക്ക് 1.40 ഓടെയാണ് ലിതാരയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ആ സമയം ആരോപണ വിധേയനായ കോച്ച് രവിസിംഗ് ആശുപത്രിയിലുണ്ടായിരുന്നു. അമ്മാവന്‍ രാജീവിന്റെ പരാതിയില്‍ രവി സിംഗിനെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല.
അതേസമയം ലിതാരയുടെ മരണത്തില്‍ ഇടപെടലോടെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. മൊഴികള്‍ പരിശോധിക്കാനുണ്ടെന്ന് സംഘത്തലവന്‍ സഞ്ജയ് ട്വന്റിഫോറിനോട് പറഞ്ഞു. അന്വേഷണത്തില്‍ ഇതുവരെ തെളിവുകളൊന്നും കണ്ടെത്താനായില്ല. ലിതാരയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കും. ഇതിനായി വിദഗ്ധരുടെ സഹായം തേടുമെന്നും അന്വേഷണ സംഘത്തലവന്‍ പറഞ്ഞു.
ലിതാരയുടെ മരണത്തില്‍ ആരോപണ വിധേയനായ കോച്ച് രവി സിംഗിനെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.രവി സിംഗ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. റെയില്‍വേ ഒരു തരത്തിലും കോച്ചിനെ സഹായിക്കുന്നില്ലെന്നും കേസില്‍ വകുപ്പുതല അന്വേഷണത്തിന് സാധ്യതയില്ലെന്നും റെയില്‍വേ മുഖ്യ വക്താവ് പറഞ്ഞു.