India Kerala

തിരുവനന്തപുരത്ത് കോവിഡ് സമൂഹ വ്യാപന സാധ്യതയുണ്ട്: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരത്ത് കോവിഡ് സമൂഹ വ്യാപന സാധ്യതയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തലസ്ഥാനത്ത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. നഗരവാസികള്‍ സ്വാതന്ത്ര്യം കിട്ടിയ പോലെ പ്രവര്‍ത്തിക്കുന്നു. ചാനലില്‍ മുഖം കാണിക്കാനായി സമരക്കാര്‍ ആഭാസമാണ് നടത്തുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.

കടകളിൽ ക്രമീകരണം കൊണ്ടുവരും. കടകളിൽ ഇപ്പോള്‍ സാനിറ്റൈസര്‍ പോലും ഇല്ല. സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ പ്രോട്ടോക്കോള്‍ പാലിക്കണം. സെക്രട്ടേറിയറ്റിലും മന്ത്രിമാരുടെ ഓഫീസിലും ഇന്ന് മുതല്‍ നിയന്ത്രണമുണ്ട്.

സെക്രട്ടറിയേറ്റിന് പുറത്തെ സുരക്ഷാ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് അറിയില്ല. സെക്രട്ടേറിയറ്റിന് മുന്നിലെ പല സമരങ്ങളും അദ്ദേഹം നിയന്ത്രിച്ചിരുന്നു. അനാവശ്യമായ യാത്രകള്‍ എല്ലാവരും ഒഴിവാക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

മത്സ്യത്തൊഴിലാളികള്‍ തമിഴ്നാട്ടിലേക്ക് പോകരുത്. തലസ്ഥാനത്ത് പരിശോധന വര്‍ധിപ്പിക്കും. നഗരം അടച്ചിടില്ല. നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.

ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ തലസ്ഥാനത്തെ സാഹചര്യങ്ങള്‍ സങ്കീര്‍ണമാകുകയാണ്. പുതുതായി കോവിഡ് സ്ഥിരീകരിച്ച 17 പേരില്‍ രണ്ട് പേര്‍ക്ക് രോഗമെവിടെ നിന്നുവന്നു എന്ന് വ്യക്തമല്ല. സെക്രട്ടറിയേറ്റിന് പുറത്തെ സുരക്ഷാ ജീവനക്കാരനും ഇതില്‍ ഉള്‍പ്പെടും. എസ്.എ.പി ക്യാമ്പിലും സെക്രട്ടേറിയറ്റ് പരിസരത്തും ജൂൺ 23ന് ആനയറയിലുമായി ഇദ്ദേഹം ജോലി ചെയ്തിരുന്നു. പാറശ്ശാലയില്‍ രോഗം സ്ഥിരീകരിച്ച യുവതിക്കും യാത്രാ പശ്ചാത്തലമില്ല. പൂന്തുറയില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ ബന്ധുവിനും രോഗബാധ കണ്ടെത്തി.

നഗരത്തിലെ മാര്‍ക്കറ്റുകള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു. കടകള്‍ തുറക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച എ ആര്‍ ക്യാമ്പിലെ പൊലീസുകാരനുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.