Kerala

പോപ്പുലർ ഫിനാൻസ് ഓഫിസ് ജപ്തി ചെയ്തു; പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

പോപ്പുലർ ഫിനാൻസ് കേസിൽ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. നിക്ഷേപകന്റെ ഹർജി പരിഗണിച്ച പത്തനംതിട്ട സബ് കോടതി പോപ്പുലറിന്റെ ആസ്ഥാന ഓഫിസ് ജപ്തി ചെയ്തു. അതേസമയം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് സൂചന.

അന്വേഷണ സംഘത്തിന്റെ നിർദേശം പരിഗണിച്ചാണ് വിവിധ ദേശസാൽകൃത ബാങ്കുകൾ പ്രതികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത്. എംഡി തോമസ് ഡാനിയേൽ, ഭാര്യ പ്രഭ എന്നിവരുടെ അക്കൗണ്ടുകളാണ് ഫ്രീസ് ചെയ്തത്. ഇതിനു ശേഷം ഇടനിലക്കാരൻ മുഖേന പ്രതികൾ ഒരു ബാങ്ക് ശാഖയിൽ നിന്നും പണം പിൻവലിക്കാൻ ശ്രമം നടത്തി. ഇതിനിടെ അടൂർ സ്വദേശി കെ വി സുരേഷ് എന്ന നിക്ഷേപകന്റെ ഹർജി പരിഗണിച്ച സബ്ബ് കോടതി പോപ്പുലർ ഫിനാൻസിന്റെ വകയാർ ഓഫിസ് ജപ്തി ചെയ്തു.

തുടർ വിചാരണ ഘട്ടത്തിൽ ഹർജിക്കാരന്റെ വാദം ശരിയെന്നു വന്നാൽ ആരോപണ വിധേയർക്ക് പിഴ ഒടുക്കി നടപടികളിൽ നിന്നും ഒഴിവാകാം. എന്തായാലും ഹർജി തീർപ്പാകും വരെ വസ്തുവകകൾ കൈമാറ്റം ചെയ്യാനാകില്ല. തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തായതോടെ കൂടുതൽ നിക്ഷേപകർ പരാതിയുമായി പൊലീസിനെ സമീപിക്കുകയാണ്.