Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കും

ഓരോ പരാതികളിലും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കമ്പനിയുടെ സ്വത്തുക്കള്‍ കണ്ടു കെട്ടണമെന്നും കോടതി നിര്‍ദേശിച്ചു

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഓരോ പരാതികളിലും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കമ്പനിയുടെ സ്വത്തുക്കള്‍ കണ്ടു കെട്ടണമെന്നും കോടതി നിര്‍ദേശിച്ചു.

പോപ്പുലര്‍ ഫിനാന്‍സ് കമ്പനിയുടെ മാനേജിംഗ് പാര്‍ട്നര്‍ റോയി തോമസ് ഡാനിയൽ, ഡയറക്ടർ കൂടിയായ ഭാര്യ പ്രഭാ തോമസ് തുടങ്ങിയവർ ചേർന്ന് നടത്തിയ തട്ടിപ്പ് രാജ്യത്തിനകത്തും പുറത്തുമുള്ളതിനാല് സി.ബി.ഐ അന്വോഷിക്കണമെന്നാവശ്യപ്പെട്ടാണ് നിക്ഷേപകര്‍ കോടതിയെ സമീപിച്ചത്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്‍റെ അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ തയാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രത്തിന് കത്തു നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സി. ബി.ഐ അന്വേഷണത്തിന് ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണം. അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പൂര്‍ണ സഹകരണം ആവശ്യമാണെന്ന് സി.ബി.ഐ കോടതിയില്‍ അറിയിച്ചു.

സാമ്പത്തിക കുറ്റകൃത്യങ്ങള അന്വേഷിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് കോന്നി പൊലീസ് സ്റ്റേഷനില്‍ ഒറ്റ കേസ് ആയി പരിഗണിക്കണമെന്നും ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഈ സര്‍ക്കുലര്‍ റദ്ദാക്കിയ കോടതി ഓരോ പരാതികളിലും പ്രത്യേകം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടു. പോപ്പുലര്‍ ഫിനാന്‍സിന്‍റെ എല്ലാ ശാഖകളും പൂട്ടി മുദ്ര വയ്ക്കണം. കമ്പനിയുടെ സ്വത്തുക്കളും ശാഖകളിലുള്ള സ്വര്‍ണവും പണവും പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.