Kerala

‘ഏതു വിധേയനെയും ദിവ്യയെ ഒഴിവാക്കണമെന്ന് റുഖിയ പറഞ്ഞു’; മാഹീന്റെ മൊഴി

പൂവച്ചൽ കൊലപാതകത്തിലേക്ക് നയിച്ചത് ദിവ്യയുമായുള്ള ബന്ധം കാരണം കുടുംബം തകരുമെന്ന ഭയമാണെന്ന് പൊലീസ്. ദിവ്യയുമായി ബന്ധമുണ്ടെന്നു ഒന്നാം ഭാര്യ റുഖിയ അറിഞ്ഞിരുന്നു. ഏതു വിധേയനെയും ദിവ്യയെ ഒഴിവാക്കണമെന്ന് റുഖിയ പറഞ്ഞതായി മാഹീൻ പൊലീസിന് മൊഴി നൽകി. മാഹീനും റുഖിയയും പൊലീസിന് മുന്നിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്. രണ്ടു പേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

മാഹിന്റെ മൊഴിയിലെ വൈരുധ്യമാണ് അന്വേഷണത്തിൽ നിർണ്ണായാകമായത്. പലപ്പോഴായി മാഹീൻ നൽകിയ മൊഴികളിൽ വൈരുധ്യയം ഉയർന്നത് പൊലീസ് ശ്രദ്ധിച്ചിരുന്നു.

2008 ലാണ് ദിവ്യയും മാഹിനും വിവാഹിതരാകുന്നത്. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. മാഹീൻ മറ്റൊരു വിവാഹക്കാര്യം മറച്ചുവച്ചാണ് ദിവ്യയെ വിവാഹം കഴിക്കുന്നത്. 2011 ഓഗസ്റ്റ് 11ന് വൈകീട്ട് ദിവ്യയേയും മകളേയും കൂട്ടി മാഹിൻ വേളാങ്കണ്ണിക്ക് പോവുകയായിരുന്നു. പിന്നീട് ദിവ്യയെ ആരും കണ്ടിട്ടില്ല.

ദിവ്യ ഹൃദ്രോഗിയായിരുന്നു. ആറ് മാസത്തിനുള്ളിൽ ദിവ്യയ്ക്ക് ഒരു ശസ്ത്രക്രിയ വേണ്ടതുണ്ടായിരുന്നു. ഇതിന് വേണ്ടി അമ്മ രാധ കയർ ഫാക്ടറിയിൽ പണിയെടുത്തും അച്ഛനും തന്നാൽ കഴിയുന്ന പണം സ്വരൂപിച്ചും വയ്ക്കുന്നതിനിടെയാണ് ദിവ്യയെ കാണാതാകുന്നത്.

മകളെയും കുഞ്ഞിനെയും കുറിച്ച് രണ്ട് ദിവസമായി വിവരമൊന്നും ലഭിക്കാതിരുന്നതോടെ മാതാവ് രാധ മാറനല്ലൂർ പൊലീസിൽ പരാതി നൽകി. തൊട്ടടുത്ത ദിവസം പൂവാർ പൊലീസിലും പരാതി നൽകി. മഹീൻ അന്ന് പൊലീസിൽ പറഞ്ഞത് താൻ ഭാര്യേയും കൂട്ടി വേളാങ്കണ്ണിയിൽ പോയെന്നും, അവിടെ സുഹൃത്തിന്റെ ഫ്ളാറ്റിലാണ് താമസിച്ചതെന്നും എന്നാൽ താൻ മടങ്ങിയിട്ടും ദിവ്യ ഒപ്പം വരാൻ തയാറായില്ലെന്നുമാണ്. ‘ഞാനും ദിവ്യയും വിവാഹിതരാണ്. ഞങ്ങളെ ഞങ്ങളുടെ ഇഷ്ടത്തിന് വിടണം’ -ഇങ്ങനെയാണ് മാഹിൻ അന്ന് പറഞ്ഞത്.

പിന്നീട് വർഷങ്ങൾക്ക് ശേഷം 2019 ൽ മാറനല്ലൂർ പൊലീസ് വീണ്ടും ഈ കേസിന്റെ ഫയൽ തുറന്നു. അന്നും മാഹിനെതിരെ പൊലീസിന് കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. പത്ത് മാസത്തിന് ശേഷം അൺനോൺ എന്നെഴുതി ആ ഫയൽ ക്ലോസ് ചെയ്യുകയായിരുന്നു.

അങ്ങനെയിരിക്കെയാണ് 2022 ൽ കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഇലന്തൂർ നരബലി വാർത്തകളിൽ നിറയുന്നത്. തൊട്ടുപിന്നാലെ കേരളത്തിലെ തിരോധാന കേസുകളെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് മേധാവി ഉത്തരവിട്ടു. അങ്ങനെയാണ് പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ദിവ്യാ തിരോധാന കേസ് വീണ്ടും പൊലീസ് അന്വേഷിക്കുന്നത്…ദിവ്യയുടേതും കുഞ്ഞിന്റേതും കൊലപാതകമാണെന്ന് കണ്ടെത്തുന്നതും.