India Kerala

പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി. സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീന്‍ ചിറ്റ്

ഷാനിമോള്‍ ഉസ്മാനെതിരായ പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി. സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീന്‍ ചിറ്റ്. സുധാകരന്‍റെ പ്രസംഗത്തില്‍ പെരുമാറ്റ ചട്ട ലംഘനം ഉണ്ടായില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍‌ ടിക്കാറാം മീണ അറിയിച്ചു. കളക്ടറുടെയും എസ്.പിയുടെയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് നടപടി. അരൂർ മണ്ഡലത്തിൽ നടന്ന ഒരു കുടുംബ യോഗത്തിനിടെയാണ് മന്ത്രി ജി.സുധാകരന്‍റെ പൂതന പരാമർശം ഉണ്ടായത്.

യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെയാണ് മന്ത്രി അപകീർത്തിപെടുത്തിയെന്ന് കാണിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകി. സംഭവം അന്വേഷിച്ച ആലപ്പുഴ ജില്ലാ കളക്ടർ മന്ത്രിക്ക് അനുകൂലമായ റിപ്പോർട്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിച്ചത്. ഇപ്പോൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ കളക്ടറുടെ റിപ്പോർട്ട് അംഗീകരിച്ച് മന്ത്രിക്ക് ക്ളീൻ ചിറ്റ് നൽകി. സുധാകരൻ ആരുടെയും പേരെടുത്ത് വിമര്‍ശിച്ചിട്ടില്ലെന്നാണ് മീണ അറിയിച്ചത്. ആലപ്പുഴ എസ്.പിയുടെ റിപ്പോർട്ടും വീഡിയോ ദൃശ്യങ്ങളും കൂടി പരിഗണിച്ചാണ് മന്ത്രി ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്. അതിനിടെ സംഭവം സ്വതന്ത്ര നിരീക്ഷകര കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.