Kerala

അഞ്ച് സെന്‍റില്‍ ടാര്‍പോളിന്‍ വലിച്ച് കെട്ടിയ കൊച്ചുകൂര, മഴ പെയ്താല്‍ ചോരുന്ന വീട്ടില്‍ കറന്‍റുമില്ല; എന്നിട്ടും പുരുഷോത്തമന്‍റെ കാര്‍ഡ് എ.പി.എല്‍

ഭാര്യക്ക് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതും ഇല്ല

ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിച്ച അഞ്ചു സെന്‍റില്‍ ടാർപോളിൻ വലിച്ചു കെട്ടിയ കൂരയിൽ കഴിയുന്ന ദലിത് കുടുംബത്തിന് എ.പി.എല്‍ റേഷൻ കാർഡ്. മഴ പെയ്താൽ കീറിയ ടാർപ്പോളിൻ വഴി വെള്ളം അകത്ത് വീഴുന്ന അവസ്ഥയിലാണ് തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി പുരുഷോത്തമന്‍റെ വീട്.

അമിത രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ശരീരത്തിന്‍റെ ഒരു ഭാഗം തളര്‍ന്ന് ചികിത്സയിലിരിക്കുന്ന പുരുഷോത്തമന്‍, ഭാര്യ ശ്രീ സായി, ശാരീരിക അവശതയുള്ള മകന്‍, ഭാര്യ, രണ്ട് കുട്ടികള്‍ ആറംഗ ദലിത് കുടുംബമാണ് ഈ ടാര്‍പാളിന്‍ കൂരക്ക് കീഴില്‍ താമസിക്കുന്നത്. വൈദ്യുതി കണക്ഷനില്ലാത്തതിനാല്‍ വൈദ്യുതി വെളിച്ചവും ഇല്ല. ഇവര്‍ക്ക് അനുവദിച്ചുകിട്ടിയതാകട്ടെ എ.പി.എല്‍ റേഷന്‍ കാര്‍ഡും

ഭാര്യക്ക് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതും ഇല്ല. പഞ്ചായത്തിൽ നിന്ന് എസ്.സി/എസ്.ടി ഫണ്ടു വഴി അഞ്ചു സെന്‍റ് വസ്തു വാങ്ങിയെങ്കിലും ഒരു വീട് ഇനിയും ആയിട്ടില്ല. കലൂർ യു.പി സ്കൂളിലെ വിദ്യാർത്ഥികളായ പുരുഷോത്തമന്‍റെ മകന്‍റെ മക്കൾക്ക് ഓൺലൈൻ പഠനത്തിനായി പി.ടി.എ ടിവി നല്‍കി. പി.ടി.എ തന്നെ ഇടപെട്ടു വൈദ്യുതി എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ പുരുഷോത്തമന്‍.