Kerala

”പാവം പ്രവാസികൾ…. എത്ര നാളായി അവർ കരഞ്ഞുപറയുന്നു”; ക്വാറന്റൈൻ ഇളവിൽ വി.ഡി സതീശൻ

വിദേശത്തുനിന്ന് എത്തുന്നവർക്ക് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ക്വാറന്റൈൻ മതിയെന്ന പുതിയ പ്രഖ്യാപനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പുതിയ തീരുമാനത്തിന് ‘കാരണഭൂത’ൻ ആരായാലും കുഴപ്പമില്ലെന്നും വൈകിയാണെങ്കിലും വിവേകമുണ്ടായതിനെ അംഗീകരിക്കണമല്ലോയെന്നും സതീശൻ പരിഹസിച്ചു.

പാവം പ്രവാസികൾ… എത്ര നാളായി അവർ കരഞ്ഞുപറയുന്നു. എന്നിട്ടും സർക്കാരോ വിദഗ്ധസമിതിയോ അനങ്ങിയില്ല. പാർട്ടി സമ്മേളനങ്ങളും തിരുവാതിരക്കളിയും ഗാനമേളയുമൊക്കെയായി ആകെ തിരക്കായിരുന്നു. ഇതിനിടയിൽ പ്രവാസികളുടെ പ്രശ്നങ്ങൾ അന്വേഷിക്കാൻ ആർക്ക് സമയം?-ഫേസ്ബുക്ക് കുറിപ്പിൽ വി.ഡി സതീശൻ കുറ്റപ്പെടുത്തി.

”പാർട്ടി സമ്മേളനങ്ങളും തിരുവാതിരക്കളിയും തടസപ്പെടാതിരിക്കാനുള്ള കോവിഡ് പ്രോട്ടോകോൾ കണ്ടെത്തിയ വിദഗ്ധ സമിതിയുടെ വൈദഗ്ധ്യത്തെ ആരും കണ്ടില്ലെന്നു നടിക്കരുത്. ഇത്രയേറെ വൈദഗ്ധ്യം കാട്ടിയിട്ടും കോവിഡ് കൂടിയത് അന്തർദേശീയ പ്രതിഭാസത്തിന്റെ ഭാഗമാണെന്നതാണ് സൈബർ ബുദ്ധിജീവികളുടെ കണ്ടെത്തൽ. കൃത്യമായ ആസൂത്രണം നടത്തിയാണ് കേരളത്തിന്റെ പ്രതിരോധം എന്നുള്ളത് കൊണ്ട് പാർട്ടി സമ്മേളന വേദിയിലൊന്നും കൊറോണ വൈറസിന് കടക്കാനേ കഴിഞ്ഞില്ല. വിദേശ രാജ്യങ്ങളിൽ അത്ര ആസൂത്രമില്ല അതുകൊണ്ടാണ് പ്രവാസികളെ പിടിച്ചുനിർത്തി പരിശോധിച്ചത്.”