ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിക്കാതെ രോഗികളെ ഡിസ്ചാര്‍ജ് ചെയ്തതിന് പൊന്നാനി താലൂക്കിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
ലോക്ഡൗണ്‍ നിലവിലുള്ള പൊന്നാനിയില്‍ പോലീസ് കര്‍ശന ജാഗ്രത പുലര്‍ത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് നിലവില്‍ 124 ഹോട്ട്സ്‌പോട്ടുകളാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരമേഖല ഐ.ജി. അശോക് യാദവ് പൊന്നാനിയില്‍ പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. പൊന്നാനി താലൂക്കിലെ ഓരോ പഞ്ചായത്തിലും പച്ചക്കറി കടകള്‍ ഉള്‍പ്പെടെ അഞ്ച് കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളത്. സാധനങ്ങള്‍ ആവശ്യമുള്ളവര്‍ ഓര്‍ഡര്‍ ചെയ്താല്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ വീട്ടിലെത്തിച്ചു നല്‍കും.
സാമൂഹ്യ അകലം പാലിക്കാത്തതിന് പൊന്നാനി താലൂക്കില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിക്കാതെ രോഗികളെ ഡിസ്ചാര്‍ജ് ചെയ്തതിന് പൊന്നാനി താലൂക്കിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 5373 കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ക്വാറന്റീന്‍ ലംഘിച്ച 15 പേര്‍ക്കെതിരെ കേസെടുത്തു. തീവണ്ടികളിലും മറ്റും വരുന്നവര്‍ ക്വാറന്റീന്‍ ഒഴിവാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കും. ഡിസ്ചാര്‍ജ് ചെയ്തവര്‍ വീട്ടിലേയ്ക്കു പോകുമ്പോല്‍ വാര്‍ഡ്തല സമിതികളെ അറിയിക്കണം. കോവിഡ് ചികിത്സ സ്വകാര്യ മേഖലയിലേയ്ക്കു കൂടി വ്യാപിപ്പിക്കും. ജോലിക്ക് പോകാത്ത സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നു എന്ന കാര്യം ജില്ലാ കളക്ടര്‍മാര്‍ ഉറപ്പുവരുത്തണം. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തിലും ജീവനക്കാര്‍ ഉള്‍പ്പെടുന്ന സമിതി രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.