Kerala

രേഖകളില്ലാത്ത 80 ലക്ഷം രൂപ പിടികൂടിയതില്‍ രാഷ്ട്രീയ വിവാദം മുറുകുന്നു

പി.ടി തോമസ് എം.എല്‍.എയുടെ മധ്യസ്ഥതയിലായിരുന്നു കുടികിടപ്പ് അവകാശത്തിന്‍റെ പേരിലുള്ള വസ്തു തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത്.

എറണാകുളത്ത് വസ്തു ഇടപാടിന്‍റെ പേരില്‍ കൈമാറാന്‍ ശ്രമിച്ച രേഖകളില്ലാത്ത 80 ലക്ഷം രൂപ ആദായനികുതി വകുപ്പ് പിടികൂടിയതിനെ തുടർന്ന് രാഷ്ട്രീയ വിവാദം. പിടി തോമസ് എം.എല്‍.എയുടെ മധ്യസ്ഥതയിലായിരുന്നു കുടികിടപ്പ് അവകാശത്തിന്‍റെ പേരിലുള്ള വസ്തു തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത്. കൈമാറിയത് കള്ളപ്പണമാണോ എന്നറിയില്ലെന്നും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെയടക്കം സാന്നിധ്യത്തിലാണ് ഒത്തുതീർപ്പ് നടന്നതെന്നും പി.ടി തോമസ് എം.എല്‍.എ പറഞ്ഞു. വസ്തു ഇടപാടില്‍ ഇടപെട്ടത് പാര്‍ട്ടി ഘടകത്തിന്‍റെ നിര്‍ദേശപ്രകാരമാണെന്ന് ബ്രാഞ്ച് സെക്രട്ടറി ഗിരിജനും പ്രതികരിച്ചു.

ഇടപ്പള്ളി സ്വദേശി രാമകൃഷണന്‍ വാങ്ങിയ 80 സെന്‍റ് സ്ഥലത്തോട് ചേര്‍ന്നുള്ള മൂന്നര സെന്‍റ് സ്ഥലത്ത് താമസിച്ച് വന്നിരുന്ന കുടുംബവുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക ഇടപാടിനിടെയാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടന്നത്. ഏറെ നാളായി നിലനിന്ന തര്‍ക്കം പരിഹരിക്കാന്‍ കുടുംബത്തിന് 80 ലക്ഷം രൂപ നല്‍കാന്‍ പി.ടി തോമസ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. ഇത് പ്രകാരമുള്ള കരാര്‍ തയാറാക്കി പണം കൈമാറി.

ഇതിന് ശേഷം എം.എല്‍.എ പുറത്തിറങ്ങിയ ഉടനായിരുന്നു റെയ്ഡ്. പിടികൂടിയ പണം കള്ളപ്പണമാണോ എന്നറിയില്ലെന്നും ബാങ്ക് അക്കൌട്ടിലേക്ക് പണം കൈമാറാനാണ് താന്‍ ഇടപെട്ട് കരാര്‍ തയാറാക്കിയത് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെയടക്കം സാന്നിധ്യത്തിലായിരുന്നു ഒത്തുതീര്‍പ്പ് നടന്നതെന്നും എം.എല്‍.എ പറഞ്ഞു.