HEAD LINES Kerala

‘ഹവാല മാഫിയയയുമായി തിരുവനന്തപുരത്തെ ചില പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധം’; വെളിപ്പെടുത്തലുമായി പ്രതിയായ പോലീസുകാരൻ

തിരുവനന്തപുരം കാട്ടാക്കടയിൽ വ്യാപാരിയെ പോലീസുകാർ പൂട്ടിയിട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി പ്രതിയായ പൊലീസ് ഉദ്യോ​ഗസ്ഥൻ. ഹവാല മാഫിയയയുമായി തിരുവനന്തപുരത്തെ ചില പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്നും ഫണ്ട്‌ മൂവിങ്ങിന് പോലീസിൽ നിന്നും വിവരം ചോർത്തി നൽകുന്നുവെന്നും പോലീസുകാരനായ വിനീത് എം വി വെളിപ്പെടുത്തി.

വ്യാപരി മുജീബിനെ പൂട്ടിയിട്ടത് ഹവാല ഇടപാടുമായി തർക്കമുണ്ടായിരുന്നവരാണെന്ന് വിനീത് പറഞ്ഞു. കേസിലേക്ക് തന്നെയും സുഹൃത്തായ പോലീസുകാരനെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. കാട്ടാക്കട പോലീസ് വീട്ടിൽ നിന്നാണ് ഹാൻഡ് കഫും പിസ്റ്റൽ ഹോൾഡറും പിടിച്ചെടുത്തത്. എന്നിട്ടും തന്നെ സംഭവ സ്ഥലത്തു തെളിവെടുപ്പിന് കൊണ്ട് പോയില്ലെന്ന് വിനീത് പറഞ്ഞു.

ഹവാല മാഫിയയുമായി ഉന്നത ഉദ്യോ​ഗസ്ഥർക്കും ബന്ധമുണ്ടെന്ന് വിനീത് വെളിപ്പെടുത്തി. തങ്ങളെ കുടുക്കാൻ നിർദ്ദേശം വന്നത് പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നാണെന്നും വിനീത് പറഞ്ഞു. വിശദമായ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയെന്നും കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെടുമെന്നും വിനീത് വ്യക്തമാക്കി.