വ്യാജരേഖ ചമച്ചെന്ന കേസില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെതിരായ നടപടികള്‍ വേഗത്തിലാക്കാന്‍ പൊലീസ് തീരുമാനം. വിദേശത്തുള്ള ഫിറോസ് തിരിച്ചെത്തിയാല്‍ ഉടന്‍ ചോദ്യംചെയ്യും. അതേസമയം ജെയിംസ് മാത്യു എം.എല്‍.എ മന്ത്രിക്ക് നല്‍കിയ കത്ത് ഫോറന്‍സിക് പരിശോധനക്ക് അയക്കണമെന്ന ആവശ്യവുമായി യൂത്ത്‌ലീഗ് രംഗത്ത് വന്നു. ഫിറോസ് പുറത്തുവിട്ട രേഖകളിലെ ഒരു പേജ് മന്ത്രി എ.സി മൊയ്തീന്‍റെ ഓഫീസ് ഇടപെട്ട് മാറ്റിയെന്നാണ് യൂത്ത് ലീഗിന്റെ ആരോപണം.
ജെയിംസ് മാത്യുവിന്റേതെന്ന് പറഞ്ഞ് പി.കെ ഫിറോസ് പുറത്തുവിട്ട കത്തിന്റെ ഒന്നാം പേജില്‍ മന്ത്രി എ.സി മൊയ്തീനെഴുതിയ കുറിപ്പുണ്ടായിരുന്നു. അതിന് ശേഷമുള്ള പേജാണ് പി.കെ ഫിറോസ് വ്യാജമായി ചമച്ചതാണെന്ന് ജെയിംസ് മാത്യു പരാതിപ്പെട്ടത്. പി.കെ ഫിറോസിനെ കുടുക്കുന്നതിന് വേണ്ടി മന്ത്രിയും ജെയിംസ് മാത്യുവും ചേര്‍ന്ന് കത്തിലെ ചില പേജുകള്‍ മാറ്റിയെന്നാണ് യൂത്ത് ലീഗിന്റെ ആരോപണം. അതുകൊണ്ട് തന്നെ ശാസ്ത്രീയമായ പരിശോധനകള്‍ നടത്തണമെന്നാണ് ആവശ്യം.
സി.പി.എമ്മിനകത്ത് നിന്ന് പി.കെ ഫിറോസിന് വിവരങ്ങള്‍ കിട്ടുന്ന വഴിയറിയാനാണ് അന്വേഷണമെന്നാണ് യൂത്ത് ലീഗിന്റെ വിലയിരുത്തല്‍. ഫിറോസിനെ ചോദ്യം ചെയ്തതിന് ശേഷമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.