India Kerala

മുനമ്പം സംഭവം: അന്വേഷണ ഉദ്യോഗസ്ഥർ ഡൽഹിയിലേക്ക്

മുനമ്പം ഹാര്‍ബറില്‍ നിന്ന് അഭയാര്‍ത്ഥികള്‍ രാജ്യം വിട്ടിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ബാഗുകളിൽ നിന്ന് കണ്ടെടുത്ത രേഖകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് ഡൽഹിക്ക് തിരിക്കും. ഇന്ത്യയിൽ അഭയാർത്ഥികളായി കഴിഞ്ഞിരുന്ന ശ്രീലങ്കൻ തമിഴ് വംശജരാകാം അനധികൃത കുടിയേറ്റം നടത്തിയതെന്നാണ് സൂചന.

ദീപക് എന്ന ഡല്‍ഹി സ്വദേശി തമിഴ്നാട്ടില്‍ ചികിത്സ തേടിയതിന്റെ രേഖകളും മറ്റ് മൂന്ന് പേരുടെ ബോഡിങ് പാസുകളുമാണ് അന്വേഷണത്തെ സഹായിക്കുന്ന തെളിവുകളായി പൊലീസിന് ലഭിച്ചിരിക്കുന്നത്. ദീപകിന്റെ ഫോണ്‍ നമ്പര്‍ ലഭ്യമായെങ്കിലും അത് പ്രവര്‍ത്തനരഹിതമാണ്. ടവര്‍ ലൊക്കേഷന്‍ അടക്കം ലഭ്യമാക്കാനുള്ള ശ്രമം തുടരുകയാണ്. അനധികൃത കുടിയേറ്റം നടന്നിട്ടുണ്ടെങ്കിൽ ദീപക് ഇടനിലക്കാരനായി പ്രവർത്തിച്ചിട്ടുണ്ടാവാം എന്ന പൊലീസിന്‍റെ സംശയത്തെ തുടർന്നാണ് അന്വേഷണം ഡൽഹി കേന്ദ്രീകരിക്കുന്നത്. റിസോര്‍ട്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുന്നുണ്ട്. റിസോർട്ടുകളിൽ നിന്ന് കണ്ടെടുത്ത ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

മൂന്നിടത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സാധനങ്ങള്‍ക്ക് ഒരേ സ്വഭാവമാണുള്ളത്. കേടാകാതെ ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയുന്ന ഭക്ഷ്യവസ്തുക്കളടക്കമുള്ള സാധനങ്ങളും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളുമടക്കമാണ് ഉപേക്ഷിക്കപ്പെട്ടത്. കൊടുങ്ങല്ലൂരില്‍ നിന്ന് ലഭിച്ച ബാഗില്‍ നിന്ന് ലൈഫ് ജാക്കറ്റ് കണ്ടെടുത്തതും അനധികൃത കുടിയേറ്റമെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണെന്നാണ് പൊലീസ് നിരീക്ഷണം.