India Kerala

പൊലീസുകാരിലെ ആത്മഹത്യ; ഉന്നതതലയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി

പൊലീസ് ഉദ്യോഗസ്ഥരിലെ ആത്മഹത്യ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ എന്തുചെയ്യാനാകുമെന്ന് സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശരാശരി 16 പൊലീസുകാര്‍ ഒരു വര്‍ഷം ആത്മഹത്യ ചെയ്യുന്നുവെന്ന സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സേനയിലെ ആത്മഹത്യ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. ശബരിമലയിലും പ്രളയകാലത്തും പൊലീസ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച മുഖ്യമന്ത്രി പൊലീസില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ ഒറ്റപ്പെട്ട സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും പറഞ്ഞു.

പൊലീസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി തന്നെ പൊലീസിനെ അഭിനന്ദിച്ച് പരസ്യമായി രംഗത്തെത്തിയത്.