India Kerala

സംസ്ഥാനത്ത് പൊലീസുകാരുടെ ആത്മഹത്യ വര്‍ധിക്കുന്നു; ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 10 പേര്‍

പൊലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു. ഈ വര്‍ഷം ഇതുവരെ പത്തു പേര്‍ ആത്മഹത്യ ചെയ്തെന്നാണ് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് . ശരാശരി 16 പൊലീസുകാര്‍ വര്‍ഷം ആത്മഹത്യ ചെയ്യുന്നുണ്ട്. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ മീഡിയവണിന് ലഭിച്ചു.

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മരിച്ച അനില്‍ കുമാര്‍, വര്‍ക്കലയില്‍ ഫൈസി,കുണ്ടറയില്‍ വസന്തകുമാരി, വൈക്കത്ത് ബിനില്‍, ചെങ്ങമനാടി പൊലോസ് ജോണ്‍, കൊടുങ്ങല്ലൂരില്‍ രാജീവ്, ഒറ്റപ്പാലത്ത് കുമാര്‍, കണ്ണൂര്‍ ടൌണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഗസ്റ്റിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍, കൂടാതെ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ബാബു, ഹണി എന്നിങ്ങനെ പത്തുപേരാണ് ഈ എട്ട് മാസത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ വര്‍ഷം ഒരു ഡി.വൈ.എസ്.പി അടക്കം 13 പൊലീസുകാര്‍ ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ 45 പൊലീസുകാര്‍ ആത്മഹത്യ ചെയ്തു. ശരാശരി 16 പൊലീസുകാര്‍ എങ്കിലും ഒരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നതായാണ് എസ്.സി. ആര്‍.ബിയുടെ കണക്ക്.

2002ലാണ് സംസ്ഥാനത്ത് ഏറ്റവും അധികം പൊലീസുകാര്‍ ആത്മഹത്യ ചെയ്തത്. ഈ വര്‍ഷം 54 പൊലീസുകാര്‍ ആത്മഹത്യ ചെയ്തിരുന്നു. ഉയര്‍ന്ന മാനസിക സംഘര്‍ഷം, മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന സമ്മര്‍ദ്ദം അനാവശ്യ സ്ഥലംമാറ്റം, 24 മണിക്കൂറും തുടരുന്ന ഡ്യൂട്ടി ഇവയാണ് പലപ്പോഴും പൊലീസുകാരെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നത്. ആത്മഹത്യ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍ ബൈജു ആവശ്യപ്പെട്ടു.