Kerala

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്ന സുരേഷ് 20 ലക്ഷം രൂപ തട്ടിയെന്ന് പൊലീസ്

ഐ.ടി വകുപ്പിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്ന സുരേഷ് 20 ലക്ഷം രൂപ തട്ടിയെന്ന് പോലീസ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം പൂർത്തിയായ ശേഷം സ്വപ്നയെ ചോദ്യം ചെയ്യാനാണ് കന്‍റോണ്‍മെന്‍റ് പൊലീസിന്‍റെ തീരുമാനം. പിഡബ്യൂസിയുടേയും വിഷന്‍ ടെക്കിന്‍റേയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനാല്‍ കേസിൽ തുടർ നടപടികൾ വൈകുകയാണ്.

ഐ.ടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ബികോം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് തട്ടിപ്പിന്‍റെ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്. വിഷൻ ടെക് എന്ന സ്ഥാപനത്തിലാണ് സ്വപ്ന ജോലി ചെയ്തിരുന്നത്. വിഷൻ ടെക്, പ്രൈസ് വാട്ടർ കൂപ്പേഴ്സ് വഴി സ്വപ്നക്ക് ഐടി വകുപ്പിൽ നിയമനം നൽകി. 2019 ൽ നിയമനം നേടിയ ശേഷം ആറുമാസം കൊണ്ട് 20 ലക്ഷം രൂപ സ്വപ്ന സമ്പാദിച്ചു. ഒരു മാസം മൂന്ന് ലക്ഷം രൂപയായിരുന്നു ശമ്പളം. ഐടി വകുപ്പ്, പ്രൈസ് വാട്ടർ കൂപ്പേഴ്സിനും തുടർന്ന് വിഷൻ ടെക്കിനുമായാണ് ശമ്പളം കൈമാറിയിരുന്നത്.

സ്വപ്നക്ക് ലഭിച്ച ഈ ശമ്പളത്തിൽ കമ്മീഷൻ ഇനത്തിൽ പോയ തുകയെത്ര എന്ന് കണ്ടെത്തേണ്ടതുണ്ട്. വ്യാജ സർട്ടിഫിക്കറ്റിന്‍റെ കാര്യം അധികൃതർക്ക് അറിയാമായിരുന്നോ എന്നും പരിശോധിക്കേണ്ടതുണ്ട്. ഇതിൽ വ്യക്തതയ്ക്കായാണ് പ്രൈസ് വാട്ടർ കൂപ്പേഴ്സിനും വിഷൻ ടെക്കിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ കന്‍റോണ്‍മെന്‍റ് പോലീസ് നോട്ടീസ് നൽകിയത്.

എന്നാൽ കോവിഡ് സാഹചര്യം ചൂണ്ടിക്കാണിച്ച് ഇതുവരെ ഇവർ ചോദ്യം ചെയ്യാൻ ഹാജരാകാത്തത് അന്വേഷണം വൈകാൻ ഇടയാക്കിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം പൂർത്തിയായ ശേഷമായിരിക്കും സ്വപ്ന സുരേഷിനെ കേസിൽ ചോദ്യം ചെയ്യുക