Kerala

ലഹരി വിൽപന ചോദ്യം ചെയ്തതിലെ വൈരാഗ്യം; തലശേരി ഇരട്ടക്കൊല കേസ് റിമാൻഡ് റിപ്പോർട്ട്

തലശേരി ഇരട്ട കൊലപാതകത്തിന് കാരണം ലഹരി വില്പന ചോദ്യം ചെയ്തതെന്ന് റിമാൻഡ് റിപ്പോർട്ട്‌. പ്രതി ജാക്സന്റെ വീട്ടിൽ ലഹരി വില്പന എന്ന പരാതിയിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഷമീറിന്റെ മകനാണ് പരാതി നൽകിയതെന്ന് പ്രതികൾ സംശയിച്ചു. നേരത്തെയും വൈരാഗ്യം ഉണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ഇതിനിടെ തലശേരി ഇരട്ടക്കൊലപാതകത്തിന് പ്രതികൾ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. കൃത്യം നടന്ന സ്ഥലത്തും, ആയുധവും വാഹനവും ഒളിപ്പിച്ച സ്ഥലത്തും പ്രതികളെയെത്തിച്ച് തെളിവെടുത്തു. അതേസമയം കേസിലെ പ്രധാന പ്രതി ബാബു പാറായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് ആരോപിച്ചു.

തലശേരി ഇരട്ടക്കൊലക്കേസിൽ ഇതുവരെ 7 പ്രതികളുടെ അറസ്റ്റാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. പ്രധാന പ്രതി പാറായി ബാബുമായുള്ള തെളിവെടുപ്പിനിടെ കൊലയ്ക്ക് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. കൊലയ്ക്കുശേഷം മൂന്നാം പ്രതി സന്ദീപിനൊപ്പം ബാബു പാറായി എത്തിയത് പിണറായി കമ്പൗണ്ടർഷോപ്പ് മേഖലയിൽ. സഞ്ചരിച്ച ഓട്ടോയും ആയുധവും ഒളിപ്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു. ഈ വാഹനം പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കൃത്യം നടന്ന തലശേരി സഹകരണ ആശുപത്രിക്ക് മുന്നിലും പ്രതികളെയെത്തിച്ച് തെളിവെടുത്തു.