Kerala

പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ സംഭവം; പിന്നിൽ ഭർത്താവിന്റെ പീഡനങ്ങളെന്ന് ആരോപണം

പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ സംഭവത്തിനു കാരണം ഭർത്താവിന്റെ പീഡനങ്ങളെന്ന് ആരോപണം. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി മരിച്ച നജിലയുടെ കുടുംബം ആരോപിച്ചു. ശാരീരിക, മാനസിക പീഡനങ്ങളാണ് ഇവരുടെ മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം പറയുന്നു. റെനീസ് പൊലീസ് ഉദ്യോഗസ്ഥനായതിനാൽ ഉന്നത തല അന്വേഷണം നടത്തണമെന്നും ആവശ്യമുണ്ട്.

ഇന്നലെ ആലപ്പുഴ എആർ ക്യാമ്പ് പൊലീസ് ക്വാർട്ടേഴ്സിലായിരുന്നു സംഭവം. വണ്ടാനം മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലെ സിപിഓ റെനീസിന്റെ ഭാര്യ നെജില, മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരാണ് മരിച്ചത്.

രാവിലെ ജോലി കഴിഞ്ഞെത്തിയ റെനീസാണ് മൃതദേഹങ്ങൾ കണ്ടത്. ഒന്നര വയസുകാരി മലാലയെ ബക്കറ്റിലെ വെള്ളത്തിലും അഞ്ചു വയസുകാരൻ ടിപ്പു സുൽത്താനെ കഴുത്തിൽ ഷാൾ മുറുകിയ നിലയിലുമാണ് കണ്ടെത്തിയത്. നജില ഫാനിൽ തൂങ്ങി മരിച്ചനിലയിലയിലായിരുന്നു. പൊലീസ് ആസ്വഭാവിക മരണത്തിന് കേസ് എടുത്തു.

കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യയെന്നാണ് വിവരം. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റും. പോസ്റ്റുമോർട്ടത്തിന് ശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക.