നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ കുറ്റാരോപിതരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും ഇന്ന് അറസ്റ്റ് ചെയ്യും. ഒളിവിലായ ഡ്രൈവര്‍ നിയാസ്, എ.എസ്.ഐ റെജിമോന്‍ എന്നിവരുടെ അറസ്റ്റാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തുക. എന്നാല്‍ എസ്.പി വേണുഗോപാലിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് സസ്പെന്‍ഡ് ചെയ്യണമെന്നാണ് സി.പി.ഐയുടേയും കോണ്‍ഗ്രസിന്റെയും ആവശ്യം.
പ്രതി രാജ്കുമാറിന്റെ കൊലപാതകത്തില്‍ നെടുങ്കണ്ടം എസ്.ഐ കെ.എ സാബു, സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സജീവ് ആന്റണി എന്നിവരാണ് ഇതുവരെ റിമാന്‍ഡിലായത്. എ.എസ്.ഐ റെജിമോന്‍, പൊലീസ് ഡ്രൈവര്‍ നിയാസ് എന്നിവരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. ഒളിവിലായിരുന്ന ഇരുവരും ഇന്ന് ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാകും. രാജ്കുമാറിന്‍റെ കസ്റ്റഡി കൊലപാതകത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായി എന്ന ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തലിനെതുടര്‍ന്നാണ് ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെ ഭീകരവിരുദ്ധ സേനയിലേക്ക് സ്ഥലം മാറ്റിയത്. എന്നാല്‍ വേണുഗോപാലിനെതിരെ കൊലക്കുറ്റം ചുമത്തണമെന്നും വകുപ്പ് തല നടപടി വേണമെന്നുമാണ് സി.പി.ഐയുടെ നിലപാട്. സി.പി.ഐ ജില്ലാ സെക്രട്ടറി കെ,കെ ശിവരാമന്‍ ഇതു സംബന്ധിച്ച ഇന്നലെ അതൃപ്തി തുറന്നു പ്രകടിപ്പിച്ചിരുന്നു.
എസ്.പിക്കെതിരെ കേസെടുത്ത് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇബ്രാഹീംകുട്ടി കല്ലാറും ആവശ്യപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ അറസ്റ്റും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന് രാജ്കുമാര്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പീരുമേട് സബ് ജയിലിലെ അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെങ്കില്‍ നടപടിയുണ്ടാകുമെന്നാണ് ഋഷിരാജ് സിംഗ് വ്യക്തമാക്കിയിരുന്നത്. അറസ്റ്റിലായ നെടുങ്കണ്ടം എസ്.ഐ കെ.സാബു, സിപിഒ സജീവ് ആന്റണി എന്നിവര്‍ നിരസിക്കപ്പെട്ട ജാമ്യാപേക്ഷ ഇന്ന് വീണ്ടും നല്‍കിയേക്കും.