Kerala

‘ഇത് താൻ ടാ പൊലീസ്’ യാചകനെ കുളിപ്പിച്ചു വൃത്തിയാക്കി പൊലീസുകാരൻ

പൊലീസെന്നാൽ സർക്കാരുകളുടെ മർദ്ദനോപകരണങ്ങളാണെന്ന കാഴ്ചപ്പാട് ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. തലയിലെ തൊപ്പി പൊതുജനങ്ങളുടെ മേൽ കുതിര കയറാനുള്ള അധികാര ചിഹ്നമാണെന്ന് ധരിക്കുന്ന ഒരു ചെറു ന്യൂനപക്ഷം സേനയിൽ ഉണ്ടെന്നത് സത്യമാണ്. എന്നാൽ അടുത്ത കാലങ്ങളിലായി നടന്ന പ്രകൃതി ദുരന്തങ്ങളും, കൊവിഡ് മഹാമാരിയും സംസ്ഥാന പൊലീസിൻ്റെ മനുഷ്യമുഖം വെളിപ്പെടുത്തുന്നവയായിരുന്നു.

തിരുവനന്തപുരം നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരൻ ഇന്ന് വാർത്തയിൽ നിറയുന്നതും ഈ മനുഷ്യമുഖം കൊണ്ടാണ്. ഒരു സോപ്പു വാങ്ങിത്തരുമോ എന്നു ചോദിച്ച യാചക വയോധികനെ പൊലീസുകാരൻ കുളിപ്പിച്ചു കൊടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പൂവാർ വിരാലി സ്വദേശിയുമായ എസ്.ബി ഷൈജുവിനാണ് ജനം ബിഗ് സല്യൂട്ട് നൽകുന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമാണ് സംഭവം.

പൊരി വെയിലത്തു നിന്ന് ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് വളരെ പതുക്കെ നടന്നു വരികയായിരുന്ന വയോധികനെ ഷൈജു കാണുന്നത്. ഡ്യൂട്ടി അവസാനിച്ചതിനാൽ തിരികെ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വയോധികന്റെ സമീപത്തു ചെന്ന് ‘റോഡ് മുറിച്ചു കടക്കേണ്ടതുണ്ടോ’ എന്നു ചോദിച്ചു. പക്ഷേ, മറുപടി ‘കുളിക്കാൻ ഒരു സോപ്പു വാങ്ങിത്തരാമോ’ എന്നതായിരുന്നു. പിന്നാലെ സമീപത്തെ ഇടവഴിയിൽ നിന്ന് കുളിക്കാൻ ഷൈജു സൗകര്യമൊരുക്കിക്കൊടുത്തു. 80 വയസുകാരനെ സ്വന്തം പിതാവിനെ പോലെ ഷൈജു, സോപ്പു തേപ്പിച്ചു നന്നായി കുളിപ്പിച്ചു. പുതിയ വസ്ത്രവും പണവും നൽകിയാണ് വയോധികനെ യാത്രയാക്കിയത്.