Kerala

പിസി ജോർജിന്റെ ”തൃക്കാക്കര മറുപടിക്ക്” തടയിട്ട് സർക്കാർ; നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

അനന്തപുരി ഹിന്ദു സമ്മേളനത്തിലെ വിദ്വേഷ പ്രസം​ഗത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് പിസി ജോർജിന് നോട്ടീസ് നൽകി. ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹാജരാകേണ്ടത്. നാളെ രാവിലെ 11 മണിക്ക് ഫോർട്ട് എ സി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. ചോദ്യം ചെയ്യലുമായി സഹകരിക്കണം എന്നതാണ് ജോർജിന് ജാമ്യം നൽകിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്. നാളെ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തി കാര്യങ്ങൾ വിശദീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാവുകയാണെങ്കിൽ ജോർജിന് തൃക്കാക്കരയിൽ എത്താനാവില്ലെന്ന് വ്യക്തമാണ്.

ജയില്‍ മോചിതനായ പി.സി.ജോര്‍ജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പൂജപ്പുര ഏരിയയിലെ ചുമതലയുള്ള ബിജെപി പ്രവർത്തകരായ കൃഷ്ണകുമാർ, പ്രണവ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. മനഃപൂർവം ആക്രമിക്കൽ, തടഞ്ഞുവയ്ക്കൽ, അസഭ്യം വിളിക്കൽ എന്നിവയുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

പി.സി. ജോര്‍ജ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടുന്നതിനിടെ സ്വീകരണം നല്‍കാന്‍ എത്തിയ ബിജെപി
പ്രവർത്തകർ മര്‍ദിക്കുകയായിരുന്നു. ട്വൻ്റിഫോര്‍ കാമറാമാന്‍ എസ്.ആര്‍. അരുൺ ഉൾപ്പെടെ ആക്രമത്തിൽ പരുക്കേറ്റിരുന്നു. കയ്യേറ്റത്തിൽ 24 കാമറമാൻ അരുൺ എസ് ആറിന് നെഞ്ചിലും വയറ്റിലുമാണ് ചവിട്ടേറ്റത്. പിസി ജോർജ് പുറത്തേക്ക് വരുന്നതറിഞ്ഞ് മകൻ ഷോൺ ജോർജിന്റെ നിർദേശ പ്രകാരം പ്രധാനകാവടത്തിന്റെ സൈഡിൽ കൃത്യമായ കാമറകൾ സ്ഥാപിച്ച് മാധ്യമപ്രവർത്തകർ കാത്തു നിൽക്കുന്നതിനിടയിലാണ് മർദനം ഉണ്ടായത്.

പിന്നിൽ നിന്ന് തള്ളി കയറിയ ബിജെപി പ്രവർത്തകർ കാമറ ട്രൈപോഡ് ഉൾപ്പെടെ തള്ളി മറിച്ചിട്ടു. ഇത് ചോദ്യം ചെയ്യതോടെ മാധ്യമ പ്രവർത്തകരെ മൂന്നംഗം സംഘം മർദിക്കുകയായിരുന്നു. ബിജെപി പ്രവർത്തരെ തലസ്ഥാനത്തെ ബിജെപിയിലെ മുതിര്‍ന്ന നേതാവ് വി.വി.രാജേഷ് ഇടപെട്ട് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പ്രവർത്തകർ പിന്തിരിയാൻ തയ്യാറായില്ല. ഒടുവില്‍ പൊലീസ് ഇടപെടട്ടാണ് അക്രമിസംഘത്തെ പ്രതിരോധിച്ചത്.