Kerala

ഡിജിപിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നതതല പൊലീസ് യോ​ഗം

ഡിജിപി അനിൽകാന്തിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നതതല പൊലീസ് യോ​ഗം ചേരും. രാവിലെ 11 മണിക്ക് പൊലീസ് ആസ്ഥാനത്താണ് യോ​ഗം. ക്രമസമാധാനപ്രശ്നം ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാവും.

വിദ്വേഷ പ്രസംഗത്തിലെ പിസി ജോര്‍ജ്ജിന്റെ അറസ്റ്റില്‍ പൊലീസിന് കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. അറസ്റ്റിന്റെ അനിവാര്യത ബോധ്യപ്പെടുത്താന്‍ പൊലീസിന് കഴിഞ്ഞില്ലെന്നായിരുന്നു ജാമ്യ ഉത്തരവിൽ കോടതിയുടെ വിമര്‍ശനം. പിസി ജോര്‍ജിന് എഴുപത് വയസ് കഴിഞ്ഞതും പ്രമേഹം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതും കണക്കിലെടുത്താണ് മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

പി സി ജോര്‍ജ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചിരുന്നു. ഡിജിപി അനില്‍കാന്ത്, പൊലീസ് ആസ്ഥാനത്തെ എഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജന്‍സ് എഡിജിപി എന്നിവരെയാണ് വിളിച്ചുവരുത്തിയത്. പിസി ജോര്‍ജ്ജിന്റെ കേസ് കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തലുണ്ടായി. ആര്‍എസ്എസ് എസ്ഡിപിഐ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതെ നോക്കുന്നതും അന്ന് യോഗത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഇന്ന് ഡിജിപി അനില്‍കാന്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുള്ളത്.