Kerala

തിരുവല്ലയിലെ നരബലി ശ്രമം; അമ്പിളി ഒളിവിലെന്ന് സൂചന

തിരുവല്ല കുറ്റപ്പുഴയില്‍ നടന്ന നരബലി ശ്രമത്തിനിടെ യുവതി രക്ഷപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം. കേസില്‍ രക്ഷപ്പെട്ട യുവതി പൊലീസിനോട് പറഞ്ഞ മുഖ്യപ്രതി അമ്പിളി ഒളിവില്‍ എന്നാണ് സൂചന. യുവതിയുടെ വെളിപ്പെടുത്തല്‍ വന്നിട്ടും അമ്പിളിയെ കുറിച്ച് പൊലീസ് കൃത്യമായി അന്വേഷിക്കാതിരുന്നതാണ് ഒളിവില്‍ പോകാന്‍ സാഹചര്യം ഒരുക്കിയത് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷമാണ് തിരുവല്ലയിലെ നരബലി ശ്രമ വാര്‍ത്തയും പുറത്തുവരുന്നത്. തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കര്‍മ്മം നടന്നത്. കൊച്ചിയില്‍ താമസിക്കുന്ന കുടക് സ്വദേശിനിയെയാണ് നരബലിക്ക് ഇരയാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ യുവതി തലനാരിഴയ്ക്കാണ് നരബലിയില്‍ നിന്ന് രക്ഷപെട്ടത്. യുവതിയെ തിരുവല്ലയില്‍ എത്തിച്ച ഇടനിലക്കാരിയാണ് അമ്പിളി.

ഡിസംബര്‍ 8 ന് അര്‍ധരാത്രിയാണ് സംഭവം നടന്നത്. ഭര്‍ത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ പൂജ നടത്താം എന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് കളം വരച്ച് ശരീരത്തില്‍ പൂമാലകള്‍ ചാര്‍ത്തി. മന്ത്രവാദി വലിയ വാളെടുത്ത ശേഷം യുവതിയെ ബലി നല്‍കാന്‍ പോകുന്നു എന്ന് പറഞ്ഞു.

ഇതെസമയം ഇടനിലക്കാരി അമ്പിളിയുടെ പരിചയക്കാരന്‍ വീട്ടിലെത്തി ബെല്ലടിച്ചു. ഇതോടെ പദ്ധതി പാളി. ഉടന്‍ യുവതി മുറിയില്‍ നിന്നോടി പുറത്ത് വന്നയാളോട് രക്ഷപെടുത്താന്‍ അഭ്യര്‍ത്ഥിച്ചു. പുറത്ത് നിന്ന് വന്നയാള്‍ നേരം പുലരും വരെ തന്റെ ഒപ്പം ഇരുന്നുവെന്നും യുവതി പൊലീസില്‍ മൊഴി നല്‍കി.