കണ്ണൂർ: പാനൂരിൽ മുസ്‌ലിംലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ളവരെ പിടിക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്‌സിൻ പിടിച്ചു കൊടുത്ത ഷിനോസ് മാത്രമാണ് ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതും ഏറെ വൈകിയാണ്. ഇയാളെ തലശ്ശേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ദൃക്‌സാക്ഷികൾ അക്രമികളെ തിരിച്ചറിഞ്ഞിട്ടും ഇവരെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നതാണ് ശ്രദ്ധേയം. പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പരിക്കേറ്റ മുഹ്‌സിൻ പൊലീസിന് നൽകുകയും ചെയ്തിരുന്നു. കേസന്വേഷണത്തിനായി കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ഇസ്മായിലിന്റെ നേതൃത്വത്തിൽ 15 അംഗ പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. സംഘം ഇന്ന് യോഗം ചേരും.
അതിനിടെ, ഷിനോസിന്റെ മൊബൈലിൽ നിന്ന് കൊലപാതകം സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറയുന്നു. ഫോൺ വിശദപരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറി.