India Kerala

പൊലീസ് നവീകരണ ഫണ്ടില്‍ ഡി.ജി.പിക്ക് അനുവദിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തി

പൊലീസ് നവീകരണ ഫണ്ടില്‍ ഡി.ജി.പിക്ക് അനുവദിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. രണ്ട് കോടിയില്‍ നിന്നും അഞ്ച് കോടിയായാണ് ഫണ്ട് ഉയര്‍ത്തിയത്. ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പരിധി കൂട്ടി ഉത്തരവിറക്കിയത്.

പൊലീസിലെ നവീകരണത്തിനായുള്ള ഫണ്ട് വകമാറ്റി ചെലവഴിച്ചതു ഉള്‍പ്പെടെയുള്ള ഗുരുതര ക്രമക്കേടുകള്‍ സി.എ.ജി കണ്ടെത്തിയതിന് പിന്നാലെയാണ് ഡി.ജി.പിക്കുള്ള ഫണ്ട് കുത്തനെ ഉയര്‍ത്തിയ സര്‍ക്കാര്‍ ഉത്തരവും പുറത്താകുന്നത്. പോലീസിനുള്ള കേന്ദ്ര-സംസ്ഥാന വിഹിതം ഉൾപ്പെടുന്ന നവീകരണ ഫണ്ടെന്ന പേരിലാണ് ഉത്തരവ്. ആഭ്യന്തര വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത് ജനുവരി 18ന്. അഞ്ച് കോടിരൂപയായാണ് പദ്ധതി ചെലവുകളുടെ തുക വര്‍ദ്ധിപ്പിച്ചത്. നേരത്തെ ഇത് രണ്ട് കോടിയായിരുന്നു. ഫണ്ട് ഉയര്‍ത്തണമെന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.

ഇക്കാര്യം ആവശ്യപ്പെട്ട് ആറ് തവണയാണ് ഡി.ജി.പി സര്‍ക്കാരിന് കത്ത് നല്‍കിയത്. 2018 ഏപ്രിലില്‍ ആദ്യ കത്ത് നല്‍കി. നവീകരണ ഫണ്ട് ഉപയോഗിച്ച് ഡിജിപി അഴിമതി നടത്തിയെന്ന സി.എ.ജി റിപ്പോര്‍ട്ട് സര്‍ക്കാരിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആഭ്യന്തര വകുപ്പിന്‍റെ ഈ നടപടി കൂടുതൽ വിവാദങ്ങൾക്ക് വഴിവെക്കും.