കൊല്ലം കടയ്ക്കലിൽ പൊലീസും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. സി.ഐ അടക്കം രണ്ട് പൊലീസുകാർക്കും മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും പരുക്കേറ്റു. ആക്രമണത്തിന് നേതൃത്വം നൽകിയ മൂന്നു ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി കടയ്ക്കൽ മിനി സിവിൽ സ്റ്റേഷനു സമീപമായിരുന്നു സംഭവം. ഓട്ടോയിൽ എത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകര്‍ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു ജീപ്പില്‍ കയറ്റി. ജീപ്പിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ പ്രവർത്തകരും പൊലീസും തമ്മില്‍ സംഘർഷമുണ്ടാവുകയായിരുന്നു. ചിതറ സ്വദേശികളായ ബിനോയ്, വിഷ്ണു, മനു എന്നിവർക്കും കടയ്ക്കൽ സി.ഐ അടക്കം രണ്ട് പൊലീസുകാർക്കും പരുക്കേറ്റു.
അതേസമയം പൊലീസാണ് മർദ്ദിച്ചതെന്നും ആക്രമണത്തിൽ രണ്ട് പല്ലുകൾ നഷ്ടമായെന്നും ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ബിനോയ് ആരോപിച്ചു. സംഭവത്തെ കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് സി.പി.എം ഏരിയ സെക്രട്ടറി എം നസീർ പറഞ്ഞു. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനും പാർട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.