Kerala

പൊലീസ് കസ്റ്റഡിയിൽ മരിച്ച സുരേഷ് കുമാറിന്റെ പത്തോളജിക്കൽ പരിശോധന ഫലം ഇന്ന് ലഭിക്കും

തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സുരേഷ് കുമാറിന്റെ പത്തോളജിക്കൽ പരിശോധന ഫലം ഇന്ന് ലഭിക്കും. ഹൃദയാഘാതത്തിന്റെ കാരണം മനസ്സിലാക്കാനാണ് പത്തോളജിക്കൽ പരിശോധന നടത്തിയത്. മരണകാരണം ഹൃദയാഘാതം തന്നെയെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചിരുന്നു. മ‍ർദ്ദനമാണ് മരണകാരണമെന്നാണ് റിപ്പോർട്ടെങ്കിൽ അന്വേഷണം സിബിഐക്ക് മാറും.

സുരേഷിന്റെ മരണം കസ്റ്റഡി മരണം മൂലമെന്നായിരുന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം.പരാതിയുടെ അടിസ്ഥാനത്തിൽ സബ് കളക്ടർ അന്വേഷണത്തിനും നിർദ്ദേശിച്ചിരുന്നു. രേഖാമൂലം പരാതി ലഭിച്ചാൽ വിശദമായ അന്വേഷണം നടത്താമെന്നാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ നിലപാട്.

തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ഞായറാഴ്ച വൈകുന്നേരം ആക്രമിച്ചതിനാണ് മരിച്ച സുരേഷ് ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ 11.30യോടെ സുരേഷ് സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.

എന്നാൽ പൊലീസ് മർദ്ദനമാണ് മരണ കാരണമെന്ന നാട്ടുകാർ ആരോപിച്ചതോടെ സബ്-കളക്ടറുടെയും മജിസ്ട്രേറ്റിൻെറയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. സുരേഷിൻെറ ബന്ധുക്കളുടെ സാനിധ്യത്തിവായിരുന്നു ഇൻക്വസ്റ്റ്. മെഡിക്കൽ കോളജ് ആശുപത്രിയിലെ മൂന്നാംഗ ഫൊറൻസിക് ഡോക്ടർമാരുടെ സംഘം പോസ്റ്റുമോർട്ടം നടത്തി.