India Kerala

പൊലീസ് ക്യാമ്പുകളിലെ ബീഫ് നിരോധനം; പൊലീസിന്റെ വിശദീകരണം വിവാദമാകുന്നു

പൊലീസ് ക്യാമ്പുകളില്‍ ബീഫ് നിരോധിച്ചതിന് പൊലീസ് നല്‍കിയ വിശദീകരണവും വിവാദമാകുന്നു. ലഭ്യമായതും ആരോഗ്യകരവുമായ ഭക്ഷണമാണ് മെനുവില്‍ ഉള്‍പ്പെടുത്തിയതെന്ന വിശദീകരണം നിലനില്‍ക്കുന്നതല്ലെന്നാണ് വിമര്‍ശനമുയരുന്നത്. യു.ഡി.എഫ് കാലത്തെ ബീഫ് നിരോധനത്തെ സി.പി.എം രൂക്ഷമായി എതിര്‍ത്തിരുന്നു

തൃശൂർ അക്കാദമിയിലടക്കം സംസ്ഥാനത്തെ വിവിധ പോലീസ് ക്യാമ്പുകളിൽ എത്തിയ പുതിയ പൊലീസുകാര്‍ക്കായുള്ള മെനുവില്‍ നിന്നാണ് ബീഫ് ഒഴിവാക്കിയത്. സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. പ്രദേശത്ത് ലഭ്യമായതും ആരോഗ്യകരവുമായ ഭക്ഷണമാണ് മെനുവില്‍ ഉള്‍പ്പെടുത്തിയതെന്നാണ് പ്രധാന വാദം. ആവശ്യമായ ഊര്‍ജ്ജം ഭക്ഷണത്തിലൂടെ കൃത്യമായി ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് മെനു തയാറാക്കിയതെന്നും പൊലീസ് പറയുന്നു. കേരളത്തില്‍ സുലഭവും ആരോഗ്യകരവുമായി ബീഫ് ഒഴിവാക്കിയതിന് പൊലീസ് നല്‍കുന്ന വിശദീകരണം വസ്തുതാപരമല്ലെന്നാണ് വിമര്‍ശമുയരുന്നത്.

2016 ല്‍ തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ബീഫ് ഒഴിവാക്കിയതിനെ രൂക്ഷമായി എതിര്‍ത്തത് സി.പി.എം ആയിരുന്നു. ആ സി.പി.എം ഭരണത്തിരിക്കുമ്പോള്‍ സമാനമായ നടപടിയുണ്ടാകുന്നതിനെ എങ്ങനെ ന്യായീകരിക്കുമെന്ന പ്രശ്നവും ഇതില്‍ ഉയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരായ പ്രക്ഷോഭം തെരുവില്‍ ശക്തമാകുന്നതിനിടെ വന്ന ബീഫ് നിരോധം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കും