Kerala

നിരന്തര കുറ്റവാളി ഡ്രാക്കുള സുരേഷ് അറസ്റ്റില്‍

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഡ്രാക്കുള എന്ന് അറിയപ്പെടുന്ന സുരേഷിനെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.കൊലപാതകം, മോഷണം, മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് സുരേഷ്.

പുത്തന്‍കുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ആലുവ, എറണാകുളം സെന്‍ട്രല്‍ എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതകശ്രമം, മോഷണം, മയക്കുമരുന്ന് കേസ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്കാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

2021 ഡിസംബറില്‍ 6 മാസത്തേക്ക് ഇയാളെ കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിങ്ങിയ ഇയാള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആലുവയില്‍ രജിസ്റ്റര്‍ ചെയ്ത മോഷണ കേസിലും, നവംബറില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകശ്രമ കേസിലും പ്രതിയായതിനെ തുടര്‍ന്നാണ് ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്. കഴിഞ്ഞ ദിവസം റൂറലില്‍ കാപ്പ ചുമത്തി കോട്ടപ്പടി സ്വദേശി പ്രദീപ് എന്നയാളെ ജയിലിലടക്കുകയും, രാമമംഗലം സ്വദേശി രതീഷിനെ നാടുകടത്തുകയും ചെയ്തിരുന്നു. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി റൂറല്‍ ജില്ലയില്‍ 70 പേരെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു .49 പേരെ നാട് കടത്തുകയും ചെയ്തു.