Kerala

കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താന്‍ ശ്രമം നടന്നിട്ടില്ലെന്ന് പൊലീസ്

കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്. തന്‍റെ വാഹനത്തിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് യുവാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധന നടത്തിയത് കസ്റ്റംസ് കമ്മീഷണറാണ്. ഭിന്നശേഷിക്കാരനായ ഒരാളും സുഹൃത്തുമാണ് വാഹനത്തിലുണ്ടായിരുന്നത്. കാറിൽ പാട്ടുവെച്ചതിനാൽ എക്സൈസ് കമ്മീഷണറുടെ വാഹനം ഹോണ്‍ അടിച്ചത് കേട്ടില്ലെന്നാണ് യുവാക്കള്‍ പറഞ്ഞതെന്ന് മലപ്പുറം ഡിവൈഎസ്പി കെ എം ദേവസ്യ പറഞ്ഞു. ഇവര്‍ കസ്റ്റംസ് കമ്മീഷണറുടെ വാഹനം മനപ്പൂർവം തടഞ്ഞിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് സുമിത്ത് കുമാര്‍. കല്‍പറ്റയിലെ കസ്റ്റംസ് ഓഫീസിന്‍റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേ തന്നെ അപായപ്പെടുത്താന്‍ ശ്രമം നടന്നെന്നാണ് സുമിത് കുമാര്‍ പരാതി നല്‍കിയത്. ഫേസ് ബുക്കില്‍ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു ഗൂഢസംഘം തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചു. ഇവര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ എടുത്തുവെന്നും കസ്റ്റംസ് അന്വേഷണം ആരംഭിച്ചുവെന്നും പോസ്റ്റില്‍ വ്യക്തമാക്കി. ഈ ഗൂഢ സംഘത്തെയും അവരുടെ ഗോഡ്ഫാദറെയും പുറത്ത് കൊണ്ടുവരുമെന്നും സുമിത്ത് കുമാര്‍ പറഞ്ഞു.

തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനവും പിടികൂടി. യുവാക്കൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും മനപ്പൂർവ്വമായി ഗതാഗത തടസ്സം ഉണ്ടാക്കിയിട്ടില്ലെന്നുമാണ് പ്രാഥമികാന്വേഷണത്തിൽ പൊലീസിന്‍റെ കണ്ടെത്തൽ. പ്രാഥമികാന്വേഷണത്തിൽ ദുരൂഹതയില്ലെങ്കിലും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. തെറ്റിദ്ധാരണ കൊണ്ടാകാം കമ്മീഷണർ പരാതി നൽകിയതെന്നും കസ്റ്റംസ് വാഹനത്തെ പിന്തുടർന്നിട്ടില്ലെന്നും നിരപരാധികളാണെന്നുമാണ് പിടിയിലായ യുവാക്കളുടെ വിശദീകരണം.