Kerala

കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു

കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. മറവിരോഗം ബാധിച്ച് വിശ്രമത്തിലായിരുന്നു അദ്ദേഹം.

1939 ജൂൺ രണ്ടിന് തിരുവല്ലയിലാണ് വിഷ്ണു നാരായണൻ നമ്പൂതിരി ജനിച്ചത്. പിതാവ് വിഷ്ണു നമ്പൂതിരി, മാതാവ് അദിതി അന്തർജനം. പെരിങ്ങര സ്കൂൾ, ചങ്ങനാശേരി എസ്ബി കോളജ്, കോഴിക്കോട് ദേവഗിരി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പാരമ്പര്യവും ആധുനികതയും ഒത്തുചേര്‍ന്നതായിരുന്നു അദ്ദേഹത്തിന്‍റെ കാവ്യരീതി. അധ്യാപകന്‍ എന്ന നിലയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലബാർ ക്രിസ്ത്യൻ കോളജിലും കൊല്ലം എസ്എൻ കോളജിലും വിവിധ സർക്കാർ കോളജുകളിലും അധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ഇംഗ്ലീഷ് വകുപ്പ് മേധാവിയായാണ് വിരമിച്ചത്. അതിനുശേഷം മൂന്നു വർഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഓഫിസറും ഗ്രന്ഥാലോകം മാസികയുടെ പത്രാധിപരുമായിരുന്നു. കേരള സാഹിത്യ അക്കാദമി, പ്രകൃതി സംരക്ഷണ സമിതി, കേരള കലാമണ്ഡലം തുടങ്ങിയവയുടെ ഭാരവാഹിയായും പ്രവർത്തിച്ചു.

സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, പ്രണയഗീതങ്ങൾ, ഭൂമിഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, മുഖമെവിടെ?, അതിർത്തിയിലേക്ക് ഒരു യാത്ര, ആരണ്യകം, അപരാജിത, ഉജ്ജയിനിയിലെ രാപകലുകൾ, പരിക്രമം, ശ്രീവല്ലി, ഉത്തരായനം, തുളസീദളങ്ങൾ, രസക്കുടുക്ക, വൈഷ്ണവം (കവിത), കവിതയുടെ ഡിഎൻഎ, അലകടലുകളും നെയ്യാമ്പലുകളും (ലേഖനസമാഹാരം). ഗാന്ധി, സസ്യലോകം, ഋതുസംഹാരം (വിവർത്തനം), കുട്ടികളുടെ ഷേക്സ്പിയർ (ബാലസാഹിത്യം) തുടങ്ങിയവയാണ് പ്രധാന കൃതികൾ.

2014ൽ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍, ഓടക്കുഴല്‍ പുരസ്കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങിയ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.