Kerala

പോക്‌സോ കേസ് ഇരയ്ക്ക് നേരെ കയ്യേറ്റം; എഎസ്‌ഐക്കതിരെ പോക്‌സോ വകുപ്പ് ചുമത്തി

പോക്‌സോ കേസ് ഇരയായ 17കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ എഎസ്‌ഐക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി. വയനാട് അമ്പലവയലിലാണ് എഎസ്‌ഐ തെളിവെടുപ്പിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. എഎസ്‌ഐ ബാബു ടി.ജിയെ സസ്‌പെന്‍ഡ് ചെയ്തു. വയനാട് എസ്പിയുടെ റിപ്പോര്‍ട്ട് പ്രകാരം ഡിഐജി രാഹുല്‍ ആര്‍ നായരുടേതാണ് ഉത്തരവ്. പട്ടിക വര്‍ഗത്തില്‍പ്പെട്ട പെണ്‍കുട്ടിക്കാണ് വനിതാ പൊലീസുകാര്‍ ഉണ്ടായിട്ടും ദുരനുഭവം നേരിട്ടത്.( Pocso case charged against ASI)

തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത. തെളിവെടുപ്പിനിടെ പെണ്‍കുട്ടിയെ ഫോട്ടോ ഷൂട്ടിന് നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവം വിവാദമായതോടെയാണ് എഎസ്ഐ ബാബു ടി.ജിയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. എസ്ഐ സോബിനും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും എതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

തെളിവെടുപ്പിന് വേണ്ടി പൊലീസിന്റെ സാന്നിധ്യത്തില്‍ മൈസൂരുവിലേക്കാണ് 17കാരിയെ കൊണ്ടുപോയത്. ഇതിനിടയിലാണ് എഎസ്ഐ മോശമായി പെരുമാറിയത്. കുട്ടിയോട് ക്രൂരത കാണിച്ചിട്ടും വേണ്ട ഇടപെടലുണ്ടാകാത്ത സാഹചര്യത്തിലാണ് വനിത പൊലീസ് ഉദ്യോഗസ്ഥ പ്രജുഷയ്ക്ക് നേരയും അന്വേഷണത്തിന് ഉത്തരവിട്ടത്.

പൊലീസുകാര്‍ മോശമായി പെരുമാറിയതില്‍ പെണ്‍കുട്ടി സിഡബ്ല്യുസിക്ക് പരാതി നല്‍തിയിരുന്നു. ഈ പരാതി സിഡബ്ല്യുസി ജില്ലാ പൊലീസ് മേധാവിക്കും കൈമാറി. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരമേഖലാ ഡിഐജി രാഹുല്‍ ആര്‍ നായര്‍ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തത്.