Kerala

കെ.വി ശശികുമാറിനെതിരായ പോക്സോ കേസ്; സ്കൂളിനെയും അന്വേഷണമുണ്ടാകും

പോക്സോ കേസിൽ അറസ്റ്റിലായ കെ വി ശശികുമാർ അധ്യാപകനായിരുന്ന മലപ്പുറം സെന്റ് ജെമ്മാസ് സ്കൂൾ അധികൃതരെക്കുറിച്ച് മുൻപും ഗുരുതരമായ പരാതി ലഭിച്ചിട്ടുണ്ടെന്ന് സിഡബ്ല്യുസി ചെയർമാൻ ഷാജേഷ് ഭാസ്കർ. അധ്യാപകനെതിരായ പീഡനപരാതിയിൽ സ്കൂളിനെതിരെയും അന്വേഷണമുണ്ടാകുമെന്ന് സിഡബ്ല്യുസി ചെയർമാൻ പറഞ്ഞു.

കെ.വി. ശശികുമാറിനെതിരെ നേരത്തേ വിദ്യാർഥികൾ നൽകിയ പരാതികൾ സ്കൂൾ അധികൃതർ മുഖവിലക്കെടുത്തി​ല്ലെന്ന്​ ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് സ്കൂളിനെതിരെ രൂക്ഷവിമർശനവുമായി സിഡബ്ല്യുസി ചെയർമാൻ രംഗത്തെത്തിയത്​. സ്കൂൾ, കോളജ്​ എന്നിവിടങ്ങളിലെ റാഗിങ്​ സംബന്ധിച്ച പരാതികൾപോലും പരിശോധിച്ച്​ പൊലീസിൽ റിപ്പോർട്ട്​ ചെയ്യണമെന്നിരിക്കെ അധ്യാപകനെതിരായ പീഡനപരാതി പൊലീസിന്​ കൈമാറാതെ ഒതുക്കിയെങ്കിൽ അത്​​ ഗുരുതര കുറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി​​.

ഒരു വിദ്യാർത്ഥിയെ മർദിച്ചതിൽ മുൻപ് സ്കൂളിലെ ഒരു അധ്യാപികക്ക് എതിരെ നടപടി സ്വീകരിച്ചതാണ്. ശശികുമാറിനെതിരായ പരാതിയിൽ സ്കൂൾ അധികൃതർ വിഷയം മൂടി വെച്ചിട്ടുണ്ടെങ്കിൽ സമാന രീതിയിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിഡബ്ല്യുസി ചെയർമാൻ ഷാജേഷ് ഭാസ്കർ പറഞ്ഞു.

ഇതിനിടെ പൂർവ വിദ്യാർഥികളുടെ പീഡന പരാതിയിൽ പോക്സോ കേസ് ഉൾപ്പെടെ നാലു കേസുകൾ കൂടി ശശികുമാറിനെതിരായി രജിസ്റ്റർ ചെയ്തു. കേസിൽ പൊതുവിദ്യാഭ്യാസ വകുപ്പിനെ കൂടാതെ സ്കൂൾ അധികൃതർക്കെതിരെ പൊലീസും അന്വേഷണം ആരംഭിച്ചു.