സംസ്ഥാനത്തെ എയ്ഡഡ് കോളേജുകള്‍ക്ക് മാതൃകയായി പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം മലപ്പുറത്തുണ്ട്. അര നൂറ്റാണ്ട് മുന്‍പ് തുടങ്ങിയ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജാണ് ഈ സ്ഥാപനം. യോഗ്യത മാത്രം മാനദണ്ഡമാക്കിയും കോഴ വാങ്ങാതെയുമാണ് ഇവിടെ അധ്യാപക നിയമനം നടത്തുന്നത്.
1943ല്‍ മലബാറിലുണ്ടായ കോളറ മരണങ്ങള്‍ അനാഥമാക്കിയ ബാല്യങ്ങളെ സംരക്ഷിക്കാനായി തുടങ്ങിയതാണ് തിരൂരങ്ങാടി യതീംഖാന. മുജാഹിദ് നേതാക്കളായ കെഎം മൌലവിയും എം കെ ഹാജിയും ചേര്ന്ന് ആരംഭിച്ച യതീംഖാന പിന്നീട് സ്കൂളും കോളജും ആശുപത്രിയുമെല്ലാം ആയി വളര്‍ന്നു. 1700 വിദ്യാര്‍ത്ഥികളുള്ള പി.എസ്.എം.ഒ കോളേജിലെ അധ്യാപക നിയമനം പൂര്‍ണ്ണമായും യോഗ്യതയുടെ അടിസ്ഥാനത്തിലാണ്.
ഇവിടത്തെ യതീംഖാനയില്‍ പഠിച്ചിറങ്ങിയ യോഗ്യരായ ഉദ്യോഗാര്‍ഥികളുണ്ടെങ്കില്‍ അവര്‍ക്ക് ആദ്യ പരിഗണനയും നല്‍കും. പട്ടികജാതി വിഭാഗത്തില്‍ പെട്ട രണ്ട് അധ്യാപകരെ യോഗ്യത മാത്രം നോക്കി ഈ കോളേജില്‍ നിയമിച്ചിട്ടുണ്ട്. സ്കൂളിലും കോളജിലും അനാഥാലയത്തിലുമായി ആറായിരത്തോളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. അനാഥരെ സംരക്ഷിക്കാനായി തുടങ്ങിയ തിരൂരങ്ങാടി യതീംഖാനയും പി.എസ്.എം.ഒ കോളേജും സാമൂഹ്യ പ്രതിബദ്ധത കാത്തുസൂക്ഷിച്ചാണ് കഴിഞ്ഞ അരനൂറ്റാണ്ട് കാലവും പ്രവര്‍ത്തിച്ചത്.