Kerala

രാജമല ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് മൂന്നാര്‍ രാജമല പെട്ടിമുടി സെറ്റില്‍മെന്റില്‍ മണ്ണിടിച്ചിലുണ്ടായത്

മൂന്നാര്‍ രാജമലയിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് അടിയന്തര സഹായം നല്‍കുക.

വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് മൂന്നാര്‍ രാജമല പെട്ടിമുടി സെറ്റില്‍മെന്റിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച കൂടുതല്‍ ആളുകളുടെ മൃതദേഹം കണ്ടെത്തി. ഇതുവരെ 15 മൃതദേഹങ്ങള്‍ കണ്ടെത്തി. 12 പേരെ രക്ഷപ്പെടുത്തി. 51 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ടവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ളവരെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതില്‍ പളനിയമ്മാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.