Kerala

പ്ലസ്ടു കെമിസ്ട്രി ഉത്തരസൂചിക ഇന്ന് പുനഃപരിശോധിക്കും; നാളെ മൂല്യനിര്‍ണയം പുനരാരംഭിക്കും

പ്ലസ്ടു കെമിസ്ട്രി പരീക്ഷാ ഉത്തര സൂചിക പുനഃപരിശോധന ഇന്ന്. രാവിലെ പത്ത് മണിക്ക് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ വച്ചാണ് പരിശോധന നടത്തുന്നത്. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉള്‍പ്പെട്ട വിദഗ്ദ സമിതിയാകും പരിശോധന നടത്തുക.

വിദഗ്ധ സമിതി രണ്ട് ഉത്തര സൂചികകളും പരിശോധിച്ച ശേഷം പുതിയ ഉത്തര സൂചിക തയ്യാറാക്കും. ഇത് പ്രകാരം നാളെ മൂല്യ നിര്‍ണയം പുനരാരംഭിക്കാനാണ് ആലോചിക്കുന്നത്. 28,000 പേപ്പറുകള്‍ ഇതുവരെ നോക്കി. ഇവയും പുതിയ സ്‌കീമിന്റെ അടിസ്ഥാനത്തില്‍ പുനര്‍ മൂല്യനിര്‍ണയം നടത്തും.

പരീക്ഷാ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച അധ്യാപകര്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്നലെ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. പരീക്ഷ അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണ്. വിദ്യാര്‍ത്ഥികളെ മറയാക്കി അധ്യാപകര്‍ നടത്തുന്നത് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനമാണ്. കെമിസ്ട്രി അധ്യാപകര്‍ മാത്രമാണ് മൂല്യനിര്‍ണയ ബഹിഷ്‌കരണത്തിലേക്ക് നീങ്ങിയതെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഉത്തര സൂചിക പുനപരിശോധിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് എഎച്ച്എസ്ടിഎ രംഗത്തെത്തി. അര്‍ഹമായ മാര്‍ക്ക് ലഭിക്കുന്നതിനാവശ്യമായ രീതിയില്‍ പുതിയ ഉത്തരസൂചിക പുറത്തിറക്കണമെന്ന നിര്‍ദേശം എഎച്ച്എസ്ടിഎ മുന്നോട്ടുവച്ചിട്ടുണ്ട്. അധ്യാപകര്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്നും എഎച്ച്എസ്ടിഎ ആവശ്യപ്പെട്ടു.