രണ്ടാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷം. രണ്ടാംഘട്ട അലോട്ട്‌മെന്റിനുശേഷം ബാക്കിയുള്ളത് 655 മെറിറ്റ് സീറ്റുകൾ മാത്രമാണ്. ബാക്കിയുള്ളവ മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട ആയതിനാൽ പലർക്കും അൺ എയ്ഡഡ് മേഖലയെ ആശ്രയിക്കേണ്ടി വരും.
സംസ്ഥാനത്ത് 4,65,219 പേരാണ് പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചത്. രണ്ട് അലോട്ട്‌മെന്റുകൾ പൂർത്തിയായപ്പോൾ 2,69,533 പേർക്കാണ് പ്രവേശനം ലഭിച്ചത്. അപേക്ഷിച്ച 1,95,686 വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് മെറിറ്റ് സീറ്റിൽ അവസരമില്ലെന്ന് വ്യക്തമായി. കമ്മ്യൂണിറ്റി ക്വാട്ടയിൽ 26,000 സീറ്റുകളും മാനേജ്‌മെന്റ് ക്വാട്ടയിൽ 45,000 സീറ്റുകളുമുണ്ട്. ഇതു കൂടി പരിഗണിച്ചാൽപ്പോലും 1,24,686 വിദ്യാർത്ഥികൾക്ക് അവസരമില്ലാതെയാകും. സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് പുതിയ ബാച്ചുകൾ തുടങ്ങാൻ കഴിയില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പകരം സീറ്റുകൾ വർധിപ്പിക്കാമെന്നാണ് സർക്കാർ നിലപാട്. മാത്രമല്ല തെക്കൻ ജില്ലകളിൽ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ വടക്കൻ ജില്ലകളിലെ സർക്കാർ സ്‌കൂളിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.