HEAD LINES Kerala

തൊണ്ടിമുതല്‍ കേസ്; മന്ത്രി ആന്റണി രാജുവിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

തൊണ്ടിമുതല്‍ കേസില്‍ മന്ത്രി ആന്റണി രാജു സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. നവംബര്‍ ഏഴിലേക്കാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. എതിര്‍കക്ഷികള്‍ക്ക് മറുപടി നല്‍കാനാണ് സമയം നല്‍കിയത്. ഗൗരവമുള്ള കേസാണെന്ന വാക്കാലുള്ള നിരീക്ഷണത്തോടെയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.

കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായാണ് ആന്റണി രാജുവിന്റെ ഹര്‍ജി. കഴിഞ്ഞ തവണ കേസില്‍ ആന്റണി രാജുവിന് അനുകൂലമായി സുപ്രിം കോടതി സ്റ്റേ ഉത്തരവ് അനുവദിച്ചിരുന്നു.

33 വര്‍ഷത്തിനു ശേഷം പുനരന്വേഷണം നടത്തുന്നതിനെ കേസിലെ ഹര്‍ജിക്കാരാനായ മന്ത്രി ആന്റണി രാജു എതിര്‍ത്തിരുന്നു. 33 വര്‍ഷങ്ങള്‍ ഈ കേസുമായി മുന്നോട്ട് പോകേണ്ടി വന്നു. ഇത് മാനസിക വിഷമം ഉണ്ടാക്കുന്നതായും അതിനാല്‍ പൂര്‍ണ്ണമായി നടപടികള്‍ അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. അഭിഭാഷകന്‍ ദീപക് പ്രകാശ് മുഖേനയാണ് ആന്റണി രാജുവിന്റെ ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

50 ഓളം തൊണ്ടിമുതലുകളില്‍ ഒന്നില്‍ മാത്രമാണ് ആരോപണമെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയും സുപ്രീം കോടതിക്ക് മുന്നിലുണ്ട്. കോടതിയുടെ കസ്റ്റഡയിലിരുന്ന തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നാല്‍ കേസെടുക്കാന്‍ പോലീസിന് അധികാരമില്ലെന്ന വാദം അംഗീകരിച്ചായിരുന്നു ഹൈകോടതി എഫ്‌ഐആര്‍ റദ്ദാക്കിയിരുന്നു.