India Kerala

മരട് ഫ്ലാറ്റ് വിവാദം; നഗരസഭ നോട്ടീസിനെതിരെ ഹൈക്കോടതിയില്‍ ഹരജി

മരടിലെ ഫ്ലാറ്റ് വിഷയത്തിൽ നഗരസഭ നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. സർക്കാർ നിർദ്ദേശപ്രകാരം മാത്രം തുടർ നടപടികൾ സ്വീകരിച്ചാൽ മതിയെന്ന നിലപാടിലാണ് നഗരസഭ. അതേസമയം ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കാൻ സുപ്രിം കോടതി നൽകിയ അന്ത്യശാസനത്തിന്റെ കാലാവധി നാളെ അവസാനിക്കും.

ഫ്ലാറ്റുകളിൽ നിന്ന് താമസക്കാർ ഒഴിയണമെന്ന് കാണിച്ച് നഗരസഭ നൽകിയ നോട്ടീസിനെതിരെയാണ് ഫ്ലാറ്റുടമ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. ഹോളി ഫെയ്ത്തിലെ താമസക്കാരനായ കെ.കെ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്. കൃത്യമായി നികുതി നൽകുന്നതിനാൽ ഉടമസ്ഥാവകാശം ഉണ്ട്. അതിനാൽ നഗരസഭയുടെ നോട്ടീസ് നിയമപരമായി നില നിൽക്കില്ലെന്നാണ് ഹരജിയിൽ പറയുന്നത്. ഫ്ലാറ്റുകൾ പൊളിച്ച് നീക്കാൻ സുപ്രിം കോടതി നൽകിയ അന്ത്യശാസനത്തിന്റെ കാലാവധി നാളെ അവസാനിക്കും. എന്നാൽ സർക്കാർ നിർദ്ദേശ പ്രകാരം തുടർ നടപടികൾ മതിയെന്നാണ് നഗരസഭയുടെ നിലപാട്.

വിധിക്ക് ശേഷം സ്വീകരിച്ച നടപടികളെ കുറിച്ച് മരട് നഗരസഭ സെക്രട്ടറി ഇന്ന് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. അതേ സമയം മരട് ഫ്ലാറ്റ് വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന്‌ ബി.ജെ.പി ആവശ്യപ്പെട്ടു.