സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്ലാസ്റ്റിക് നിയന്ത്രണം നിലവില്‍ വരും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ നിയന്ത്രണം ശക്തമാക്കിയാല്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിടുമെന്ന ഭീഷണിയുമായി വ്യാപാരികളും രംഗത്തുണ്ട്.
പുതുവര്‍ഷത്തോടെ സംസ്ഥാനത്ത് പ്ലാസ്റ്റിക്കിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ്. എല്ലാത്തരം പ്ലാസ്റ്റിക് സഞ്ചികളോടും സംസ്ഥാനം ഇന്ന് അര്‍ദ്ധ രാത്രിയോടെ വിടപറയും. പ്ലാസ്റ്റിക് ആവരണമുള്ള പ്ലേറ്റ്,കപ്പ്,സ്പൂണ്‍,സ്ട്രോ എന്നിവയും നിരോധിക്കപ്പെട്ടു. പ്ലാസ്റ്റിക് അലങ്കാര സാധനങ്ങളും അര ലിറ്ററിന് താഴെയുള്ള കുടിവെള്ള കുപ്പികളും ഇനി മുതല്‍ ഉപയോഗിക്കാനാവില്ല. അര ലിറ്ററിന് മുകളിലുള്ള കുപ്പികള്‍ വ്യാപാരികള്‍ തിരിച്ചെടുക്കേണ്ടി വരും. ഫ്ലക്സുകളും ബാനറുകളും ഇനി മുതല്‍ പാടില്ല.
എന്നാല്‍ ആഹാരവും പച്ചക്കറിയും പൊതിയുന്ന ക്ലിങ് ഫിലിം ,മുന്‍കൂട്ടി അളന്ന് വെച്ച ധാന്യങ്ങള്‍,പയര്‍വര്‍ഗങ്ങള്‍,പഞ്ചസാര എന്നിവ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍ എന്നിവയ്ക്കും നിരോധനം ബാധകമല്ല. മുറിച്ച മീനും ഇറച്ചിയും സൂക്ഷിക്കുന്ന കവര്‍,കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍,ആരോഗ്യ പരിപാലനത്തിനുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ ,ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ പാക്കറ്റ് എന്നിവയും ഉപയോഗത്തിലുണ്ടാവും. മില്‍മ വഴി ദിവസേന ഉപഭോക്താക്കളിലെത്തുന്ന 31 ലക്ഷം പാല്‍കവറുകള്‍ തിരിച്ചെടുത്ത് ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് സംസ്കരിക്കും. ബിവറേജസ് കോര്‍പറേഷനും മദ്യകുപ്പികള്‍ തിരിച്ചെടുക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം.
എന്നാല്‍ ബദല്‍ സംവിധാനങ്ങളുടെ കാര്യത്തില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ണമല്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. പ്ലാസ്റ്റിക് തിരികെ ശേഖരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കാനുള്ള ക്രമീകരണങ്ങളും വേണ്ടത്ര പൂര്‍ത്തിയായിട്ടില്ല.