സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട പിഴയിളവിനുള്ള കാലപരിധി ഇന്ന് അവസാനിക്കും. നാളെ മുതല്‍ നിരോധം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സാവകാശം വേണമെന്ന വ്യാപാരികളുടെ ആവശ്യം ഇന്ന് മന്ത്രിസഭ ചര്‍ച്ച ചെയ്തേക്കും.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് നിരോധം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും പിഴ ഈടാക്കിയിരുന്നില്ല. പകരം ബോധവല്‍ക്കരണത്തിനായിരുന്നു ഊന്നല്‍. ഈ സമയപരിധിയാണ് ഇന്ന് അവസാനിക്കുന്നത്. നേരത്തെ അറിയിച്ച പ്രകാരം നാളെ മുതല്‍ നിരോധം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കിത്തുടങ്ങേണ്ടതാണ്. നിയമലംഘനം നടത്തുന്ന സ്ഥാപനത്തിന് ആദ്യ തവണ 10000 രൂപയും ആവർത്തിച്ചാൽ 25000 രൂപയും മൂന്നാം തവണയും ലംഘിച്ചാൽ 50000 രൂപയും പിഴ ഈടാക്കും. എന്നിട്ടും നിയമലംഘനം ആവര്‍ത്തിച്ചാല്‍ സ്ഥാപനത്തിന്റെ പ്രവർത്താനുമതി റദ്ദാക്കും.
പ്ലാസ്റ്റിക് നിരോധത്തെ തത്വത്തില്‍ അംഗീകരിക്കുമ്പോഴും സാവകാശം അനുവദിക്കണമെന്ന ശക്തമായ ആവശ്യം വ്യാപാരികള്‍ ഉന്നയിക്കുന്നുണ്ട്. ബദലുകളുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതാണ് പ്രധാന പ്രശ്നം. ബ്രാന്‍ഡഡ് കമ്പനി ഉല്‍പ്പന്നങ്ങള്‍ക്ക് അനുമതിയുണ്ടെങ്കിലും സമാനമായ ഗുണനിലവാരത്തിലുള്ളവ ചില്ലറ വ്യാപാരികളെ ഉപയോഗിക്കാന്‍ അനുവദിക്കാത്തത് വിവേചനമാണെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഇളവ് നീട്ടുന്നതിലോ കര്‍ശന പരിശോധനയും പിഴയീടാക്കലുമുള്‍പ്പെടെ നടപടി സ്വീകരിക്കുന്നതിലും ഇതുവരെ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമില്ല. ഇന്നത്തെ മന്ത്രിസഭ ഇത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുമെന്നാണ് സൂചന.
അതേസമയം, പ്ലാസ്റ്റിക് നിയന്ത്രണത്തിന് സര്‍ക്കാര്‍ നല്‍കിയ ഇളവ് ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെ കര്‍ശന നടപടി സ്വീകരിക്കാന്‍ തന്നെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനം. നാളെ മുതല്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി പിഴയീടാക്കാനാണ് തീരുമാനം. നടപടികള്‍ കര്‍ശനമാക്കുകയാണെങ്കില്‍ സമരത്തിലേക്ക് കടക്കുമെന്ന് വ്യാപാരികള്‍ നേരത്തെ അറിയിച്ചിരുന്നു.
ഈ മാസം ഒന്ന് മുതല്‍ പ്ലാസ്റ്റിക് നിയന്ത്രണം നിലവില്‍ വന്നിരുന്നെങ്കിലും നടപടികള്‍ സ്വീകരിക്കുന്നതിന് പതിനഞ്ച് വരെ ഇളവ് നല്‍കിയിരുന്നു. ഈ സമയ പരിധി ഇന്ന് അവസാനിക്കുന്നതിനാല്‍ നാളെ മുതല്‍ കര്‍ശന നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ഇതിനായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പ്രത്യേക സ്ക്വാഡുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഈ സ്ക്വാഡുകള്‍ വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തും.
ആദ്യ ഘട്ടത്തിലെ നിയമലംഘനത്തിന് 10,000 രൂപയാണ് പിഴയീടാക്കുക. വീണ്ടും നിയമം ലംഘിക്കുകയാണെങ്കില്‍ പിഴ 25000മാകും. മൂന്നാമതും നിയമം ലംഘിച്ചാല്‍ 50,000 രൂപയാകും പിഴത്തുക. ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ പ്ലാസ്റ്റിക് നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കുന്നത് അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍.